യെരൂശലേം : ഇറാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇസ്രയേല്‍ രംഗത്ത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചേരിചേരാ (നാം) ഉച്ചകോടി അടുത്ത ആഴ്ച തെഹ്റാനില്‍ ചേരാനിരിക്കെയാണ് ഇറാന്റെ പ്രചാരണ കെണിയില്‍ വീഴരുതെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിയത്. ഇറാന്റെ താല്പര്യങ്ങളും നിലപാടുകളും സാധൂകരിക്കാന്‍ ഈ ഉച്ചകോടിയില്‍ ഇറാൻ ഭരണകൂടം ഇടപെടുമെന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രി യിഗാല്‍ പാല്‍മര്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വരുന്ന യു. എൻ. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ഉച്ചകോടിയില്‍ പങ്കെടുക്കരുത് എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. പങ്കെടുത്താല്‍ അത് വലിയ അബദ്ധമാകുമെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി തുടങ്ങി പ്രമുഖരായ പല ലോക നേതാക്കളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.