കാബൂൾ : ശൈശവ വിവാഹത്തിന്റെ ഇരയായ അഫ്ഗാനി പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുകയും വഴങ്ങാതിരുന്ന പെൺകുട്ടിയെ ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കുകയും ചെയ്ത ഭർത്താവിന്റെ അച്ഛനേയും അമ്മയേയും 10 വർഷം തടവിന് വിധിച്ചു. മർദ്ദനം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിങ്ങനെ കുറ്റങ്ങൾക്കാണ് ശിക്ഷ.
15 കാരിയായ സഹാർ ഗുൾ ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായത് മറ്റ് പുരുഷന്മാരുമായി അന്തിയുറങ്ങാൻ വിസമ്മതിച്ചതിന്റെ പേരിലാണ്. സഹാർ ഗുളിന്റെ ഭർത്താവ് 30 കാരനായ മുഹമ്മദ് അസീം അഫ്ഗാൻ സൈന്യത്തിൽ സൈനികനാണ്. ഭർത്താവിന്റെ മാതാ പിതാക്കൾക്ക് മദ്യ കച്ചവടവും വേശ്യാവൃത്തിയുമായിരുന്നു തൊഴിൽ. ഇതിനു സഹകരിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇവർ അതി ക്രൂരമായി മർദ്ദിച്ചു. ദേഹം ആസകലം മർദ്ദനത്തിന്റെ പാടുകളോടെ കക്കൂസിൽ പൂട്ടിയിട്ട നിലയിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൾ പഴുപ്പിച്ച് ദേഹം പോള്ളിച്ചിരുന്നു. ചെറുത്തു നിൽക്കാനുള്ള ശേഷി ഇല്ലാതാക്കാനായി പെൺകുട്ടിയുടെ കൈ വിരലുകളിലെ നഖങ്ങൾ പിഴുതു മാറ്റിയിരുന്നു.
തന്റെ ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുകയും തന്നെ ബലഹീനയാക്കാനായി തനിക്ക് വളരെ കുറച്ചു മാത്രമേ ആഹാരം നല്കുമായിരുന്നുള്ളൂ എന്നും പെൺകുട്ടി പോലീസിനു മൊഴി നല്കി.
പെൺകുട്ടിയുടെ അമ്മാവൻ വിവരം നല്കിയതനുസരിച്ചാണ് പോലീസ് വീട്ടിൽ എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അല്പ്പ നാൾ വൈകിയിരുന്നെങ്കിൽ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭർത്താവ് ഒടി രക്ഷപ്പെട്ടുവെങ്കിലും ഭർത്താവിന്റെ മാതാ പിതാക്കളെ പോലീസ് പിടികൂടി.
പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.
താലിബാന്റെ പതനത്തിനു ശേഷം സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഇത് സർക്കാർ വേണ്ടവണ്ണം നടപ്പിലാക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി.