ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ് അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന്റെ ഏജന്റ് എന്ന് ആരോപിക്കപ്പെടുന്ന മജീദ് ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.
ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന മസൂദ് അലി 2010 ജനവരിയില്‍ വീട്ടിനുമുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഫാഷിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പ്രതിഫലമായി 120,000 യു.എസ് ഡോളര്‍ കൈപ്പറ്റിയിരുന്നെന്നും ഇറാന്‍ പറയുന്നു. വിചാരണയ്ക്കിടെ ഇറാനിയന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഫാഷി കുറ്റം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല. ഐ. ആര്‍. ഐ. ബി. ടിവിയെ ഉദ്ധരിച്ചു സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ക്ക് ഇസ്രായേലും അമേരിക്കയും തുരങ്കംവെക്കുകയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട്. ഇറാനിലെ ശാസ്‌ത്ര പ്രതിഭകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ അമേരിക്ക ആസുത്രണം ചെയ്യുന്നതാണെന്നും ആരോപണമുണ്ടായിരുന്നു.