വാഷിംഗ്‌ടണ്: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന് 330 ലക്ഷം യു. എസ്. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. സെനറ്റ് പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ് അപ്രോപ്രിയേറ്റ് കമ്മറ്റി ഐക്യകണ്‌ഠമായാണ് പാസാക്കിയത്.
രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത് ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.
ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.