ബെയ്ജിങ്: വിവാദമായ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും വടക്കന്‍ കൊറിയയും തമ്മില്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ അമേരിക്കന്‍ എംബസിയില്‍ വെച്ച് ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ ചര്‍ച്ച പുനരാരംഭിച്ചു. അമേരിക്കയുടെ പ്രതിനിധി ഗൈ്ളന്‍ ഡേവിസും കൊറിയന്‍ പ്രതിനിധി കിം കെയ് ഗ്വാനുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
വടക്കന്‍ കൊറിയയുടെ പരമാധികാരി കിം ജോങ് ഇലിന്റെ മരണത്തിന് ശേഷം ഇതാദ്യമായാണ് രണ്ട് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. അമേരിക്ക മുമ്പ് പറഞ്ഞ തെമ്മാടി രാഷ്ട്രങ്ങളില്‍ വടക്കന്‍ കൊറിയയും ഉള്‍പെട്ടിരുന്നു. വടക്കന്‍ കൊറിയ നടത്തിവരുന്ന യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കിയാല്‍ രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ ഇളവു വരുത്താമെന്ന് നേരത്തേ ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും വടക്കന്‍ കൊറിയ അതിന് വഴങ്ങിയിരുന്നില്ല.