മാര്കോണി റേഡിയോ കണ്ടുപിടിച്ച നാളുകള്‍ മുതല്‍ മനുഷ്യന് റേഡിയോ തരംഗങ്ങള്‍ ബഹിരാകാശത്തിലേക്ക് പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ഈ തരംഗങ്ങള്‍ നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കുമിളയുടെ ആകാരത്തില്‍ മനുഷ്യരാശിയുടെ സാന്നിദ്ധ്യം പ്രപഞ്ചത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ കുമിള ജ്യോതിശാസ്ത്ര പരമായി ഏറെ വലിപ്പമേറിയതാണ്. കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഈ കുമിളയ്ക്ക് ഏതാണ്ട് 200 പ്രകാശ വര്‍ഷം വലിപ്പമുണ്ട്. പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്‍ഷം. ഇത് കൃത്യമായി 9,460,730,472,580.8 കിലോമീറ്റര്‍ വരും.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
എന്നാല്‍ രസം ഇതല്ല. 200 പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കുമിള നമ്മുടെ സൌരയുഥം അടങ്ങിയ ക്ഷീരപഥത്തില്‍ എത്ര ചെറുതാണ് എന്നതാണ് കൌതുകകരം. മുകളിലുള്ള ക്ഷീരപഥത്തിന്റെ ചിത്രത്തില്‍ കാണുന്ന നന്നേ ചെറിയ നീല വൃത്തമാണ് റേഡിയോ തരംഗങ്ങള്‍ എത്തിനില്‍ക്കുന്ന കുമിള. ക്ഷീരപഥം എന്ന് വിളിക്കപ്പെടുന്ന നമ്മുടെ ഗാലക്സി പ്രപഞ്ചത്തില്‍ ഉള്ള അനേക കോടി ഗാലക്സികളില്‍ ഒന്ന് മാത്രമാണ് എന്ന് കൂടി ചിന്തിക്കുമ്പോള്‍ ഈ വിശകലനത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാവും. ഒപ്പം, നമ്മള് അയക്കുന്ന റേഡിയോ സിഗ്നലുകള്‍ കണ്ടെത്തി മറ്റേതെങ്കിലും ഗാലക്സിയിലെ ഏതെങ്കിലും ഒരു ഗ്രഹത്തിലെ അന്യഗ്രഹ ജീവികള്‍ നമ്മെ തേടിയെത്തും എന്ന് കരുതി മനുഷ്യന് നടത്തുന്ന പരിശ്രമങ്ങളുടെ നിസ്സാരതയും.