അംസ്റ്റർഡാം : ഫേസ്ബുക്കിലെ പോസ്റ്റുകൾ ജനിപ്പിച്ച വിദ്വേഷം ഹോളൻഡിൽ 15 വയസുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചു. പെൺകുട്ടിയെ കൊന്നതാകട്ടെ പെൺകുട്ടിയെ അറിയുക പോലും ചെയ്യാത്ത ഒരു 15 വയസുകാരനും. സോഷ്യൽ മീഡിയയുടെ സാമൂഹിക ആഘാതത്തെ പറ്റിയുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായിരിക്കുകയാണ്.
ആഴ്ച്ചകളോളം കൊല്ലപ്പെട്ട പെൺകുട്ടി തന്റെ രണ്ട് സുഹൃത്തുക്കളുമായി ഫേസ്ബുക്കിൽ വാദപ്രതിവാദങ്ങൾ നടത്തി കലഹിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. കലഹം മൂത്ത് വിദ്വേഷം കടുത്തപ്പോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾ കുട്ടിയെ വക വരുത്താൻ തീരുമാനിക്കുകയും ഇതിനായി ഫേസ്ബുക്ക് വഴി തന്നെ ഒരു വാടക കൊലയാളിയെ കണ്ടെത്തുകയും ചെയ്തു. 1000 യൂറോയാണ് ഇവർ പ്രതിഫലമായി പെൺകുട്ടിയെ വധിക്കാനുള്ള കരാർ ഏറ്റെടുത്ത 15 കാരനായ ഡച്ച് ബാലന് വാഗ്ദാനം ചെയ്തത്.
ഡച്ച് ബാലനെ കോടതി ഒരു വർഷം ദുർഗുണ പാഠശാലയിൽ തടവിന് വിധിച്ചു. തന്റെ മകളുടെ ജീവന് പകരമായി ബാലന് വെറും ഒരു വർഷം തടവ് നൽകിയതിൽ പെൺകുട്ടിയുടെ പിതാവിന് അമർഷമുണ്ട്. എന്നാൽ നെതർലൻഡ്സിലെ നിയമപ്രകാരം കുട്ടികൾക്ക് നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്.