ന്യൂയോര്‍ക്ക്: മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ തുടര്‍ന്നുണ്ടായ പരിസര മലിനീകരണത്തിന് യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ (യു. സി. സി.) ഉത്തരവാദി അല്ലെന്നു അമേരിക്കയിലെ മാന്‍ഹട്ടന്‍ ജില്ലാ കോടതി. ഭോപ്പാല്‍ പ്രദേശം മാലിന്യമുക്‌തമാക്കാനോ ദുരിതബാധിതര്‍ക്കു നഷ്‌ടപരിഹാരം നല്‍കാനോ യു. സി. സിക്കു ബാധ്യതയില്ലെന്നാണ് കോടതി വിധി.
യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യയുടെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേഴ്‌സണെയും കോടതി കുറ്റവിമുക്‌തനാക്കി. പരിസ്ഥിതിയും ഭൂഗര്‍ഭജലവും വിഷലിപ്തമാക്കിയ ദുരന്തത്തിന്റെ ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിനാണെന്ന് ജഡ്‌ജി ജോണ്‍ കീന വ്യക്‌തമാക്കി. ഭോപ്പാല്‍ പ്ലാന്റിന് സമീപത്തെ മണ്ണും ജലവും വിഷമയമാക്കിയെന്നു കാണിച്ചു ജാനകി ബായി നല്‍കിയ ഹര്‍ജ്ജി തള്ളിക്കൊണ്ടാണ് കോടതി വിധി.
കോടതി വിധിയോടെ ദുരന്തത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് അമേരിക്കന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാം. 1984 ല്‍ നടന്ന മീതയില്‍ ഐസോസയനൈറ്റ് ചോര്‍ച്ചയില്‍ ആയിരങ്ങള്‍ മരിക്കുകയും രോഗികളായി തീരുകയും ചെയ്തു. കാര്‍ബൈഡ് പ്ലാന്റിനു ചുറ്റുമുള്ള ഭൂമി ഉപയോഗശൂന്യമായി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്ലാന്റ് അടച്ചുപൂട്ടി. 1994 ല്‍ യു.സി.സി. തങ്ങളുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഓഹരികള്‍ വിറ്റഴിച്ചു. പിന്നീട് എവറെഡി ഇന്‍ഡസ്‌ട്രീസ് ഇന്ത്യ ലിമിറ്റഡായി കമ്പനി രൂപം മാറി. 1998 എവറെഡി ഭോപ്പാലിലെ ഭൂമി സംസ്‌ഥാനസര്‍ക്കാരിനു കൈമാറി രംഗം വിട്ടു. ഈ സാഹചര്യത്തിലാണ് കോടതിവിധി ദുരന്തബാധിതര്‍ക്കു തിരിച്ചടിയാകുന്നത്.