
സുമാത്ര : ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ വന്‍ ഭൂചനം ഉണ്ടായി. ഭൂചലനത്തിന്റെ നാശനഷ്ട വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കൊച്ചിയിലടക്കം കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും തമിഴ്‌നാട്ടില്‍ ചെന്നൈയിലും ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.20 ഓടെയാണ് കൊച്ചിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് 2.10 ഓടെയാണ് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം ഉണ്ടായത്. ചെന്നൈ, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, ഊട്ടി, ഭുവനേശ്വര്‍, മുംബൈ, ഗുവാഹത്തി, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂകമ്പം റിക്‌ടര്‍ സ്കെയിലില്‍ 8.9 പോയന്റ് രേഖപ്പെടുത്തി.
2004ല്‍ ഇന്തോനേഷ്യന്‍ തീരത്ത് ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സുനാമിയില്‍ 170,000 ഓളം പേരാണ് മരിച്ചത്. അന്ന് സുനാമി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈ തീരത്തായിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 9.3 ആയിരുന്നു ഭൂകമ്പത്തിന്റെ ശക്തി. എന്നാല്‍ ഇന്നനനുഭവപ്പെട്ട ഭൂകമ്പം 100 വര്‍ഷത്തിനിടെ ഉണ്ടായ വലിയ ഭൂകമ്പങ്ങളില്‍ ഉള്‍പ്പെട്ടതാണെന്ന് ഭൌമ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.






സോഫിയ: തെക്കന്‍ ബള്‍ഗേറിയന്‍ ജില്ലയായ ഹോസകോവില്‍ ബൈസര്‍ എന്ന ഗ്രാമത്തില്‍ അണക്കെട്ട് തകര്‍ന്ന് 8 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലാണ് ഇവാനൊവൊ എന്ന അണക്കെട്ട് തകര്‍ന്നത്. അണക്കെട്ട് തകര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സമീപത്തെ ഗ്രാമത്തില്‍ രണ്ടര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങുകയും ഗ്രാമത്തിലെ 90% വീടുകളും വെള്ളത്തിനടിയിലാവുകയും ചെയ്തു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം നിര്‍മ്മിച്ചതിലുള്ള അപാകതയാണോ അപകടമുണ്ടാക്കിയത് എന്നറിയില്ലെന്നും അതിനെ പറ്റി അന്വേഷണം നടത്തുമെന്നും രാജ്യത്തെ എല്ലാ അണക്കെട്ടുകളും ഉടന്‍ തന്നെ എ. ഐ. എസ്. സിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും (authority of Irrigation Systems Company) ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയികോ ബോറിസോവ് പറഞ്ഞു.



























