വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.



ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 – 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.
അമേരിക്കയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49% പേര്‍ ഇറാനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്ന വേളയില്‍ അമേരിക്ക കൂടെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ചെയ്യണം എന്നാണ് ഈ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 37% പേര്‍ പറഞ്ഞത് ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെടാതെ മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ രണ്ട് ശതമാനം പേരെങ്കിലും യുദ്ധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കണം എന്ന് അഭിപ്രായപ്പെട്ടു.
താലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.
അമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്‍കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
























