ബാംഗ്ലൂര്‍: യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് യു. എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധസൂചകമായി ഇഗ്ലീഷ് വിക്കിപീഡിയ ജനുവരി 18ന് ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നു.പ്രതിഷേധം അറിയിക്കാനാണ് ഒരു ദിവസത്തെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. മറ്റ് ഒട്ടേറെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഈ നിയമങ്ങള്‍ക്കെതിരെ വിക്കിപീഡിയയോടൊപ്പം പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ നിയമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ ചര്‍ച്ചകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധമറിയിക്കാന്‍ പണിമുടക്കുമായി വിക്കിപീഡിയ മുന്നോട്ട് വന്നിരിക്കുന്നത്. വിക്കിപീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ അവരുടെ ഹോം വര്‍ക്കുകള്‍ നേരത്തെ ചെയ്തു തീര്‍ക്കണം എന്നാണ് പ്രതിഷേധ അവധി പ്രഖ്യാപിച്ചുകൊണ്ട് വിക്കിപീഡിയ സ്ഥാപകരിലൊരാളായ ജിമ്മി വെയ്ല്‍സ് ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.