വാഷിങ്ടണ്‍ : അമേരിക്കയുടെ ആദ്യത്തെ സോഷ്യല്‍ മീഡിയാ പ്രസിഡണ്ട് എന്ന് അറിയപ്പെടുന്ന ബരാക് ഒബാമ സ്വന്തം മക്കളെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയത് വൈരുദ്ധ്യമായി. അപരിചിതര്‍ തന്റെ കുടുംബ കാര്യങ്ങള്‍ അറിയുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഇത് സംബന്ധിച്ച് ഒബാമയുടെ വിശദീകരണം.
ഒബാമയുടെ മൂത്ത മകളായ മലിയയ്ക്ക് പതിമൂന്ന് വയസായി. ഫേസ്ബുക്ക് ഉപയോഗിക്കാവുന്ന പ്രായം. എന്നാല്‍ 4 വര്‍ഷമെങ്കിലും കഴിഞ്ഞ് മകള്‍ക്ക് 17 വയസാവട്ടെ, എന്നിട്ട് വേണമെങ്കില്‍ ഉപയോഗിച്ചു കൊള്ളട്ടെ എന്നാണ് ഒബാമ പറയുന്നത്. ഒബാമയുടെ രണ്ടാമത്തെ മകളായ സാഷയ്ക്ക് വെറും 10 വയസു മാത്രമേ ആയിട്ടുള്ളൂ.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുവാക്കളെ ആകര്‍ഷിക്കാനായി വന്‍ തോതില്‍ ഫേസ്ബുക്ക് ഉപയോഗിച്ച വ്യക്തിയാണ് ഒബാമ. അടുത്ത തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് ഇഉപ്പോഴും അദ്ദേഹം ഫേസ്ബുക്ക് നന്നായി ഉപയോഗിക്കുന്നുമുണ്ട്. കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് ആല്‍ബത്തില്‍ തന്റെ ഏറ്റവും പുതിയ കുടുംബ ഫോട്ടോ (മുകളിലെ ഫോട്ടോ) ഒബാമ അപ് ലോഡ് ചെയ്യുകയുണ്ടായി. ഇതിന് 71,000 ലൈക്കുകളാണ് ലഭിച്ചത്. ഒബാമയുടെ ഫേസ്ബുക്ക് പേജ് 2.4 കോടി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.