വാഷിംഗ്ടണ്‍ : ഇന്ത്യയുമായി അമേരിക്കന്‍ കമ്പനികള്‍ ആണവ വ്യാപാരം നടത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ കടക്കണം എന്ന് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു കോണ്ഗ്രസ് റിപ്പോര്‍ട്ട് പറയുന്നു. ആണവ അപകടം നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം നിലയം സ്ഥിതി ചെയ്യുന്ന രാഷ്ട്രത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടിയായ സി. എസ്. സി. (Convention on Supplementary Compensation for Nuclear Damage – CSC) ഇന്ത്യ ഒപ്പ് വെച്ചാല്‍ മാത്രമേ ഇന്ത്യയുമായി വ്യാപാരം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാവൂ എന്നാണ് ഈ പുതിയ കണ്ടെത്തല്‍.
123 കരാര്‍ മുതല്‍ ഇങ്ങോട്ട് പല പല ഘട്ടങ്ങളിലായി ആണവ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലു വിളിയ്ക്കുന്ന ഒട്ടേറെ നിബന്ധനകള്‍ ഇന്ത്യയെ കൊണ്ട് സമ്മതിപ്പിച്ചതില്‍ ഏറ്റവും പുതിയ നീക്കമാണ് ഇത്. ഈ ഉടമ്പടി പ്രകാരം ആണവ നിലയം സ്ഥാപിക്കുന്ന രാഷ്ട്രത്തിനാണ് അപകടം ഉണ്ടായാല്‍ ബാദ്ധ്യത വരിക. ഇതിനു പുറമേ അപകടത്തിന്റെ ഉത്തരവാദിത്വം നിലയം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും എന്നും ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. ഇത് ആണവ ഉപകരണ ദാതാവിനെ സംരക്ഷിക്കാന്‍ ആണെന്ന് പരക്കെ ആരോപണമുണ്ട്.
കരാര്‍ ഇന്ത്യ ഒപ്പിടും എന്ന് കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവ ശങ്കര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു.