ഡല്‍ഹി : കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പാര്‍ലമെന്റിനു മുന്‍പില്‍ സമര്‍പ്പിച്ച രേഖ അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്ന് ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment – CSE) ഡയറക്ടര്‍ സുനിത നരൈന്‍ അഭിപ്രായപ്പെട്ടു. മലിനീകരണ അളവുകളില്‍ നിയമപരമായ നിയന്ത്രണം കൊണ്ടു വരുന്നതിനെ എതിര്‍ത്ത ഇന്ത്യ സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മലിനീകരണം നിയന്ത്രിക്കും എന്ന നിലപാടാണ് സ്വീകരിക്കുന്നത്. മലിനീകരണം നിയമപരമായി നിയന്ത്രിക്കപ്പെട്ടാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് അമേരിക്കയെയും ചൈനയെയും ആയിരിക്കും എന്നതിനാല്‍ ഇതിനെ എതിര്‍ത്ത് സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയ്ക്ക് താല്‍പ്പര്യം. ഇതേ നിലപാട് തന്നെ പിന്തുടരുക വഴി അമേരിക്കന്‍ വാദത്തിന് പിന്‍ബലം നല്‍കുകയാണ് ഇന്ത്യ.
വന്‍ കല്‍ക്കരി ശേഖരമുള്ള ഇന്ത്യയുടെ വികസനത്തിന് തടസ്സമാവും ആഗോള മലിനീകരണ നിയന്ത്രണം എന്നതാണ് ഇന്ത്യയുടെ വാദം. ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിന് ഊര്‍ജ്ജം പകരാന്‍ ഇന്ത്യ കല്‍ക്കരിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആഗോള നിയന്ത്രണത്തെ ഇന്ത്യ എതിര്‍ക്കുന്നത്. എന്നാല്‍ ആഗോള താപനവും തല്‍ ഫലമായി ശോഷിക്കുന്ന ഹിമാലയന്‍ മഞ്ഞു മലകളും, ഉയരുന്ന സമുദ്ര നിരപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.
മലിനമാകുന്നതോടെ ഭൂമിയുടെ മരണമാണ് ആസന്നമാകുന്നത്. ഇതിന്റെയെല്ലാം നഷ്ടം ഭൂമിക്കും നമ്മുടെ പിന്‍ തലമുറക്കും ആണെന്ന് തിരിച്ചറിഞ്ഞ് വികസന മാതൃക പുനരാവി ഷ്കരിക്കുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള പ്രതിവിധി.



ക്യൂബയ്ക്ക് എതിരെ അമേരിക്ക നടപ്പിലാക്കിയ വ്യാപാര ഉപരോധത്തെ അപലപിച്ച് കഴിഞ്ഞ 18 വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ ഒരു ചടങ്ങു പോലെ തുടര്‍ന്നു വരുന്ന പ്രമേയ അവതരണം ഇത്തവണയും പതിവു പോലെ വന്‍ ഭൂരിപക്ഷത്തിന് പാസായി. അമേരിക്കക്ക് പുറമെ ഇസ്രയേലും പലാവോയും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 187 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ മാര്‍ഷല്‍ ദ്വീപുകളും മൈക്രൊനേഷ്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബുഷ് മാറി ഒബാമ വന്നിട്ടും ഏറെയൊന്നും കാര്യങ്ങള്‍ മാറിയില്ല എന്നതിനു തെളിവായിരുന്നു ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസഡറും ക്യൂബന്‍ വിദേശ കാര്യ മന്ത്രിയും നടത്തിയ പ്രസംഗങ്ങള്‍.
ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും നേരിട്ട് ശ്രമിച്ചിട്ടും അമേരിക്കയ്‌ക്ക് ഒളിമ്പിക്‍സ് ലഭിച്ചില്ല. നാണം കെട്ട ഈ പരാജയം ലോകം മുഴുവന്‍ ടെലിവിഷനില്‍ കാണുകയും ചെയ്തു എന്നത് ഈ പരാജയത്തിന്റെ ആഴം വര്‍ദ്ധിപ്പിയ്ക്കുന്നു. അമേരിക്കക്കാര്‍ക്ക് ഇതില്‍ പരം ഒരു അപമാനം ഉണ്ടാവാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ന്യൂ യോര്‍ക്ക് ടൈംസ് പത്രം ഈ പരാജയത്തിന്റെ കഥ തങ്ങളുടെ സ്‌പോര്‍ട്ട്‌സ് പേജിലാണ് പ്രസിദ്ധപ്പെടുത്തിയത് എന്നത് അമേരിക്കന്‍ മാധ്യമങ്ങളുടെ ഗതികേട് വെളിപ്പെടുത്തി.
കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
























