സ്വാത് താഴ്വരയിലെ താലിബാന് പാക്ക് സര്‍ക്കാര്‍ 48 കോടി രൂപ നല്‍കിയതായി ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നതിന് ഉള്ള കൂലി ആണത്രെ ഈ തുക. താലിബാനു വേണ്ടി വെടി നിര്‍ത്തല്‍ കരാറില്‍ മത മൌലിക വാദിയായ സൂഫി മൊഹമ്മദ് ഒപ്പിടുന്നതിന് മുന്‍പു തന്നെ ഈ തുകയെ പറ്റിയുള്ള ധാരണയില്‍ ഇരു കൂട്ടരും എത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഒരു പ്രത്യേക നിധിയില്‍ നിന്നാണത്രെ ഈ തുക നല്‍കിയത്. ഗോത്ര വര്‍ഗ്ഗക്കാരുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ്. ഇവിടേക്ക് ഒരു പ്രത്യേക സഹായ ധന പാക്കേജായിട്ടാണ് ഈ തുക പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നല്‍കിയത്. ഇത് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ ഗവര്‍ണ്ണറുടെ ഓഫീസ് വഴിയാണ് താലിബാന് കൈമാറിയത് എന്നും ഇറ്റലിയിലെ എ. കെ. ഐ. വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഒരു മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണ് ഈ കാര്യം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഈ തുക ലഭിച്ചതിനെ തുടര്‍ന്നാണ് താലിബാന്‍ വെടി നിര്‍ത്തലിന് തയ്യാര്‍ ആയതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം അംഗീകരിച്ചതും. ഈ തുകയിലേക്ക് അമേരിക്കയുടെ പക്കല്‍ നിന്നും സംഭാവന ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.