ഒസ്ലോ : സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന് ലഭിച്ചു. യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സമാധാനവും ജനാധിപത്യവും നിലനിർത്താനുള്ള യൂണിയന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നൊബേൽ സമ്മാനം നൽകുന്നത്. 6 പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയൻ തുടർന്നു വരുന്ന സമാധാന ശ്രമങ്ങളുടെ പരിണിത ഫലമാണ് യുദ്ധഭൂമി ആയിരുന്ന യൂറോപ്പിന്റെ ഇന്നത്തെ സമാധാനപൂർണ്ണമായ അന്തരീക്ഷം എന്ന് പുരസ്കാര നിർണ്ണയം നടത്തുന്ന നോർവീജിയൻ സമിതി വിലയിരുത്തി.
രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതി നൽകിയ പാഠം ഉൾക്കൊണ്ട് രൂപം കൊണ്ട യൂറോപ്യൻ യൂണിയൻ കൂടുതൽ അടുത്ത സാമ്പത്തിക സഹകരണം ശത്രുതയിൽ നിന്നും സൌഹൃദത്തിലേക്ക് രാഷ്ട്രങ്ങളെ നയിക്കും എന്ന ആശയത്തിൽ അടിയുറച്ചാണ് മുന്നേറിയത്. 1950 മെയ് 9ന് ഫ്രാൻസും ജർമ്മനിയും കൽക്കരി ഉരുക്ക് എന്നീ വിഭവങ്ങൾ എകീകൃതമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് യൂണിയൻ സംജാതമായത്. ഈ സാമ്പത്തിക ഐക്യത്തിൽ മറ്റ് രാഷ്ട്രങ്ങളെയും സ്വാഗതം ചെയ്തു. ഇന്ന് 27 രാഷ്ട്രങ്ങളിലെ 50 കോടിയിലേറെ ജനങ്ങൾ ഒത്തു ചേരുന്ന ഒരു മഹാ കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ.
ഇന്ന് ജർമ്മനിയും ഫ്രാൻസും തമ്മിൽ ഒരു യുദ്ധത്തെ പറ്റി ചിന്തിക്കാൻ പോലുമാവില്ല. ആജന്മ ശത്രുക്കൾ പോലും സാമ്പത്തിക സഹകരണത്തിൽ ഊന്നി പരസ്പര വിശ്വാസത്തിലും സൌഹൃദത്തിലും സഹവസിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൂറോപ്യൻ യൂണിയൻ ലോകത്തിന് മുന്നിൽ കാഴ്ച്ച വെയ്ക്കുന്നത് എന്ന് നൊബേൽ സമിതി പ്രസ്താവിച്ചു.