മൊഗാദിഷു: അതി രൂക്ഷമായ ക്ഷാമത്തേത്തുടര്‍ന്നു സൊമാലിയയില്‍ ഏഴരലക്ഷത്തോളം ആളുകള്‍ മരണമടയാന്‍ സാധ്യതയുണ്ടെന്ന് ഐക്യ രാഷ്‌ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ ഏറ്റവും കടുത്ത ക്ഷാമം നേരിടുന്ന രാജ്യമായി മാറി സോമാലിയ. ക്ഷാമ ബാധിത പ്രദേശങ്ങളുടെ പട്ടികയിലേക്കു കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതോടെ വരും മാസങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കുന്നത്. 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവോ ജനസംഖ്യയില്‍ 20 ശതമാനത്തിനും ഭക്ഷണമില്ലാത്ത അവസ്ഥയോ പ്രായപൂര്‍ത്തിയായ 10000 പേരില്‍ രണ്ടും കുട്ടികളില്‍ 10000-ത്തില്‍ നാലുപേരും ദിവസവും മരണമടയുന്നുവോ ഉണ്ടെങ്കില്‍ ആ പ്രദേശത്ത് ക്ഷാമമുണ്ടെന്നാണര്‍ഥം. ഒരു വര്‍ഷത്തിലേറെയായി ഇതിലും രൂക്ഷമാണ് സൊമാലിയയിലെ സ്ഥിതി.
അറുപതു വര്‍ഷത്തിനിടെ കിഴക്കന്‍ ആഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഏറ്റവും കടുത്ത ക്ഷാമമാണ് ഇപ്പോഴത്തേതെന്ന് ഐക്യരാഷ്‌ട്ര സംഘടന ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളില്‍ ഏകദേശം 1.2 കോടി ആളുകളാണ് ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വലയുന്നത്.
1991-മുതല്‍ ഭരണസ്ഥിരതയില്ലാത്തതും വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്. സോമാലിയയില്‍ മാത്രം നാല്‍പതു ലക്ഷം ആളുകള്‍ ഈ ഗണത്തില്‍പ്പെടും. ഇവിടെ മരണമടഞ്ഞ ലക്ഷക്കണക്കിനാളുകളില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്.