കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.