- ലിജി അരുണ്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം
ലോസ് ആഞ്ജലസ് : “ചൂടൻ” യോഗ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബിക്രം ചൌധരിക്ക് എതിരെ ഒരു യുവ ശിഷ്യ ലൈംഗിക അതിക്രമത്തിന് പരാതി നൽകി. തന്റെ ഗുരു തന്നെ വർഷങ്ങളായി ശല്യം ചെയ്യുകയാണ് എന്നാണ് സാറാ ബോൺ എന്ന 29കാരിയുടെ പരാതി. ബിക്രം ചൌധരി ഒരു നല്ല മനുഷ്യനല്ല, ഒരു നല്ല പരിശീലകൻ മാത്രമാണ് എന്ന് യുവതി മറ്റു പല ശിഷ്യന്മാരോടും മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം യോഗ പരിശീലനത്തിനിടയിൽ തന്റെ മുകളിൽ കയറി തന്നെ ബലമായി കയ്യേറ്റം ചെയ്യുകയും താൻ വിതുമ്പി കരയുന്നത് വരെ തന്റെ കാതുകളിൽ “ഗുരു” അശ്ലീലം പറയുകയും ചെയ്തു എന്നും സാറ വെളിപ്പെടുത്തി.
105 ഡിഗ്രി ഫാരെൻഹൈറ്റ് വരെ ചൂടാക്കിയ മുറിയിൽ ഇരുന്ന് യോഗ പരിശീലനം ചെയ്യുക എന്ന വ്യത്യസ്ത ശൈലിയാണ് ബിക്രം ചൌധരിയുടെ ബിക്രം യോഗ. ഇന്ത്യയിലെ പരമ്പരാഗത യോഗ മുറകൾ എല്ലാവർക്കും ശാന്തിയും സൌഖ്യവും ആശംസിക്കുകയും തികച്ചും ശാന്തമായ പരിശീലന രീതിയും അനുശാസിക്കുമ്പോൾ തിരക്കേറിയ ആധുനിക കോർപ്പൊറേറ്റ് ഉദ്യോഗസ്ഥരേയും വൻകിടക്കാരേയും ലക്ഷ്യമിട്ട് അതിവേഗം ചെയ്യാവുന്ന കുറേ ആസനങ്ങൾ ഒരു ചൂടാക്കിയ മുറിയിൽ വെച്ച് അഭ്യസിപ്പിക്കുന്ന ഒരു രീതിയാണ് ബിക്രം യോഗ സ്വീകരിച്ചു വരുന്നത്.
അമേരിക്കൻ പ്രസിഡണ്ടുമാരായ നിക്സൺ, റീഗൻ, ക്ലിന്റൻ എന്നിവരും മഡോണ, ബെക്ക്ഹാം, ലേഡി ഗാഗ, ജോർജ്ജ് ക്ലൂണി എന്നീ അതി പ്രശസ്തരും എല്ലാം ബിക്രമിന്റെ ശിഷ്യന്മാരാണ്.
പൂർവ്വ ജന്മത്തിലെ ബന്ധം പറഞ്ഞ് തന്നോട് അടുക്കാൻ ശ്രമിച്ച ഗുരു താൻ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് തനിക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് പട്ടം പോലും നിഷേധിച്ചു എന്ന് സാറ കോടതിയിൽ നൽകിയ പരാതിയിൽ വെളിപ്പെടുത്തി.
- ജെ.എസ്.
ഡബ്ലിൻ: അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഇന്ത്യൻ വംശജ സവിതയുടെ മരണം ഒഴിവാക്കാൻ ആവുന്നതായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് ചോർന്നു. ഇതോടെ സവിതയുടെ കുടുംബത്തിന്റെ ആരോപണം സത്യമായിരുന്നു എന്ന് വെളിപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ദ ഇൻഡിപ്പെൻഡന്റ്” പത്രമാണ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.
തന്റെ ഗർഭം അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞതായാണ് ബന്ധുക്കളുടെ പരാതി. 31 കാരിയായിരുന്ന സവിത ദന്ത ഡോക്ടർ ആയിരുന്നു.
സവിത പരാതിപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയ തങ്ങൾക്ക് ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നും ഈ അവസ്ഥയിൽ ഗർഭച്ഛിദ്രം നടത്താൻ അയർലൻഡിലെ നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ സവിതയുടെ മരണത്തിൽ കലാശിച്ച അണുബാധ മൂന്ന് ദിവസത്തോളം കണ്ടെത്താൻ കഴിയാതിരുന്നത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണ് എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. ഈ അവസ്ഥയിൽ സവിത ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവരെ ഗർഭച്ഛിദ്രത്തിന് വിധേയ ആക്കണമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, ദുരന്തം, വൈദ്യശാസ്ത്രം
ഡബ്ലിൻ : ഗർഭച്ഛിദ്രം അനുവദിക്കാഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിത മരിച്ച സാഹചര്യത്തിൽ അയർലൻഡിലെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ അയർലൻഡിലെ കത്തോലിക്കാ മേധാവി ക്രിസ്മസ് ദിന സന്ദേശം നൽകി. ജീവന് ഉള്ള അവകാശം മൌലികമാണെന്നും ഇത് വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ അഭിപ്രായം തങ്ങളുടെ ജന പ്രതിനിധികളെ അറിയിക്കണം എന്നുമാണ് തന്റെ ക്രിസ്മസ് ദിന സന്ദേശത്തിൽ അയർലൻഡിലെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് കർദ്ദിനാൾ ഷോൺ ബ്രാഡി വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഐറിഷ് ആശുപത്രി അധികൃതർ 31 കാരിയായ ദന്ത ഡോക്ടർ സവിതയ്ക്ക് ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് അവർ മരണമടഞ്ഞ സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.
ഗർഭച്ഛിദ്രത്തിന് അനുമതി നൽകാത്ത ഒരേ ഒരു യൂറോപ്യൻ രാജ്യമാണ് അയർലൻഡ്. സവിതയുടെ മരണത്തെ തുടർന്ന് ഇതിൽ പരിമിതമായ അയവ് വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഗർഭച്ഛിദ്രം അനുവദിക്കാനാണ് പ്രധാനമന്ത്രി എൻഡാ കെന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഈ ഒരു അവകാശം ഒരു സർക്കാരിനും നിഷേധിക്കാൻ ആവില്ല എന്ന് കഴിഞ്ഞ ദിവസം കെന്നി പറയുകയുമുണ്ടായി.
1992ൽ അയർലൻഡ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് വന്ന സർക്കാരുകൾ ഇത് നിയമമാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.
- ജെ.എസ്.
വായിക്കുക: അയർലൻഡ്, ആരോഗ്യം, മതം, മനുഷ്യാവകാശം, വിവാദം, വൈദ്യശാസ്ത്രം, സ്ത്രീ
ഡബ്ലിൻ : ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഇന്ത്യൻ വനിതയ്ക്ക് ഐറിഷ് ആശുപത്രി അധികൃതർ ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് മരിക്കാൻ ഇടയായ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. വിദേശ കാര്യ വകുപ്പ് ഐറിഷ് അംബാസഡറെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 31 കാരിയായ ദന്ത ഡോക്ടർ സവിതയാണ് അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഹതഭാഗ്യ. സവിതയുടെ മരണം ഗൌരവമായി കണ്ട ഇന്ത്യൻ അധികൃതർ ഡബ്ലിനിലെ ഇന്ത്യൻ അംബാസഡറോടും സംഭവത്തിൽ നേരിട്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടും എന്ന് അറിയിച്ചു. മാനുഷികമായ പരിഗണനകൾ മാനിച്ച് കർശനമായ ഗർഭച്ഛിദ്ര നിയമത്തിൽ അയവ് വരുത്തണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് വനിതാ കമ്മീഷൻ അറിയിച്ചു.
തന്റെ ഗർഭ അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറഞ്ഞത് എന്ന് സവിതയുടെ പിതാവ് പറഞ്ഞു.
- ജെ.എസ്.
വായിക്കുക: അയർലൻഡ്, ആരോഗ്യം, പ്രതിഷേധം, മതം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സ്ത്രീ
ലണ്ടൻ : യോഗ ഒരു ഹിന്ദു മത അനുഷ്ഠാനമാണ് എന്ന കാരണം പറഞ്ഞ് ലണ്ടനിലെ ഒരു പള്ളിയുടെ ഹാളിൽ നിന്നും യോഗാ ക്ലാസ് എടുക്കുന്നത് പള്ളിയിലെ വികാരിയച്ഛൻ വിലക്കി. പള്ളിയുടെ ഹാൾ കത്തോലിക്കാ വിശ്വാസത്തെ വളർത്താൻ ഉദ്ദേശിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഒരു ഹിന്ദു മത അനുഷ്ഠാനത്തിന്റെ പരിശീലനം പ്രോൽസാഹിപ്പിക്കാൻ ആവില്ല എന്നാണ് അച്ഛൻ പറയുന്നത്. യോഗാ ക്ലാസ് നടത്താനായി 180 പൌണ്ട് നൽകിയ പരിശീലക കോറി വിത്തെല്ലിനെ സഭാ നേതൃത്വം സംഭവം ധരിപ്പിച്ചതിനെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ക്ലാസുകൾ അവർ റദ്ദാക്കി. യോഗ ഒരു മതാനുഷ്ഠാനമല്ല എന്ന് ആണയിടുന്ന കോറി തന്റെ ക്ലാസിൽ വെറും കായിക പരിശീലനം മാത്രമാണ് നടക്കുന്നത് എന്ന് വ്യക്തമാക്കി.
- ജെ.എസ്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, ലോക നേതാക്കള്, വെനസ്വേല
ബാങ്കോക്ക് : തിരക്ക് പിടിച്ച ഓഫീസ് ജോലികൾക്കിടയിൽ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞൊന്ന് വലിച്ച് ആസ്വദിച്ച് പുക ഊതുന്നതിനിടയ്ക്ക് ഒരു കൊച്ചു പെൺകുട്ടി മുന്നിൽ വന്ന് തീ ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? മോളെ സിഗരറ്റ് വലിക്കരുത്, അത് നല്ലതല്ല എന്നാണ് ബാങ്കോക്കിലെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഒരു പരീക്ഷണത്തിൽ അവരറിയാതെ പങ്കെടുത്ത എല്ലാ മുതിർന്നവരും കുട്ടികളോട് പറഞ്ഞത്.
പരീക്ഷണത്തിന്റെ ഭാഗമായി കൊച്ചു കുട്ടികൾ സിഗരറ്റ് വലിക്കുന്ന മുതിർന്നവരുടെ അടുത്ത് പോയി തീ ചോദിച്ചു. മുതിർന്നവർ എല്ലാവരും തന്നെ കുട്ടികളെ പുകവലിയുടെ ദൂഷ്യ വശങ്ങളെ പറ്റി പറഞ്ഞു മനസ്സിലാക്കുകയും അവരെ വിലക്കുകയും ചെയ്തു. “നിനക്ക് ജീവിക്കുകയും കളിക്കുകയും വേണ്ടേ?” എന്ന ഒരാളുടെ ചോദ്യം ഈ പരസ്യം യൂട്യൂബിലൂടെ പ്രസിദ്ധമായതോടെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ തന്നെ പ്രധാന പരസ്യ വാചകമായി മാറി.
അങ്ങനെയെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ പുകവലിക്കുന്നത്? ഈ ചോദ്യം അടങ്ങിയ ഒരു ലഘുലേഖ കുട്ടികൾ പുകവലിക്കുന്ന മുതിർന്നവർക്ക് നൽകുന്നതാണ് അടുത്ത രംഗം. അപ്പോഴാണ് ഇതൊരു പുകവലി വിരുദ്ധ പരിപാടിയാണ് എന്ന് വ്യക്തമാകുന്നത്. എന്നാൽ കൊച്ചു കുട്ടികൾക്ക് പുകവലിയുടെ ദൂഷ്യത്തെ പറ്റി പറഞ്ഞു കൊടുത്ത ഇവരെല്ലാം തന്നെ തങ്ങളുടെ കയ്യിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞു. ഇവരാരും തന്നെ കുട്ടികൾ നൽകിയ പുകവലി വിരുദ്ധ ലഘുലേഖകൾ വലിച്ചെറിഞ്ഞുമില്ല എന്ന് പരസ്യം സാക്ഷ്യപ്പെടുത്തുന്നു.
പുകവലിക്കെതിരെ ശക്തമായ സന്ദേശം നൽകിയ ഈ പരസ്യം യൂട്യൂബിലൂടെ ഇന്റർനെറ്റിൽ വൻ തോതിലാണ് പ്രചാരം നേടിയത്.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, കുട്ടികള്, തായ്ലാന്റ്
കൈറോ : പുറത്താക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡണ്ട് ഹൊസ്നി മുബാറൿ വൈദ്യ ശാസ്ത്രപരമായി മരണമടഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന് ആഘാതമേറ്റ ഇദ്ദേഹത്തെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന യൂറ തടവറയിൽ നിന്നും ഇന്നലെ രാത്രി അടിയന്തിരമായി ദക്ഷിണ കൈറോയിലെ മആദി സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തന രഹിതമാകുകയും വൈദ്യുത പ്രഹരങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചതായി സർക്കാർ അധീനതയിലുള്ള വാർത്താ ഏജൻസി അറിയിച്ചു. ഹൊസ്നി മുബാറൿ വൈദ്യശാസ്ത്രപരമായി മരണമടഞ്ഞതായും ഏജൻസി അറിയിക്കുന്നു.
എന്നാൽ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി നൈൽ ടി.വി. റിപ്പോർട്ട് ചെയ്തു. മുബാറൿ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്നു എന്നും നൈൽ ടി.വി. പറയുന്നു.
മുബാറക്കിന്റെ ഭാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബന്ധുക്കൾ പറഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
800ഓളം സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ചുമത്തി ജൂൺ 2ന് ഹൊസ്നി മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, മനുഷ്യാവകാശം
ലണ്ടൻ : ഏപ്രിൽ മാസത്തിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടി ഉണർന്നത് ജൂണിൽ. അപ്പോഴേക്കും അവളുടെ 9 പരീക്ഷകൾ കഴിഞ്ഞിരുന്നു. സ്വന്തം ജന്മദിനവു ഇതിനിടയ്ക്ക് കടന്നു പോയി. ക്ലീൻ ലെവിൻ സിൻഡ്രോം എന്ന അപൂർവ രോഗമാണ് 15 കാരിയായ ബ്രിട്ടീഷ് വിദ്യാർത്ഥിനി സ്റ്റേസിക്ക്. മാസങ്ങളോളം നീണ്ടു നിൽക്കുന്നു ഇവളുടെ നിദ്ര. ലോകമെമ്പാടും ആയിരത്തോളം പേർക്ക് ഈ അപൂർവ രോഗമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം എന്നും ഈ രോഗം അറിയപ്പെടുന്നു.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം