വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെ നിരവധി എഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം നിലനിൽക്കുന്നുണ്ട് എന്ന് ഒരു ഉന്നത സൈനിക കമാണ്ടർ വെളിപ്പെടുത്തി. അമേരിക്കൻ കോൺഗ്രസിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഈ കാര്യം വ്യക്തമായത്. ലെഷ്കർ എ തൊയ്ബ യുടെ പ്രവർത്തനങ്ങളെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്കൻ സൈന്യം ഏത് രീതിയിലാണ് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിനാണ് സൈനിക ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നീ രാഷ്ട്രങ്ങളിലും ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമേരിക്കൻ സൈന്യം താവളം അടിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന ലെഷ്കർ എ തൊയ്ബ എറെ അപകടകാരിയായ സംഘടനയാണ് എന്നും ഇവർക്ക് അന്താരാഷ്ട്ര ലക്ഷ്യങ്ങൾ ഉണ്ട് എന്നും നേരത്തേ തയ്യാറാക്കി വായിച്ച റിപ്പോർട്ടിൽ പറയുന്നു. ലെഷ്കർ എ തൊയ്ബയെ തടുക്കാനായി ഇന്ത്യയുമായി അമേരിക്ക സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.