
കൈറോ : ഈജിപ്റ്റ് കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ് തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക് അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ് തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക് താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.
എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത് ചെയ്തിട്ടുണ്ട്. ഈജിപ്റ്റ് ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.
അറബ് ലോകത്ത് അമേരിക്കയുടെ ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക് മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത് നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ് കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.



ന്യൂയോര്‍ക്ക് : ഇറാനെതിരെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത് എന്നാണു സുരക്ഷാ സമിതി പറയുന്നത്. എന്നാല്‍ ഇത്തരം സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് ഇറാന്റെ ആണവ പദ്ധതികളുടെ വികസനത്തെ തടയാന്‍ ആവില്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സാധാരണ ജനത്തിന്റെ ജീവിതം ഇത്തരം ഉപരോധങ്ങള്‍ കൊണ്ട് നരക തുല്യമാവുകയും ചെയ്യും. കൂടുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉപരോധ പ്രമേയത്തില്‍ ഉണ്ടായിരുന്നെങ്കിലും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പ് മൂലം ഇവ ഒഴിവാക്കുകയായിരുന്നു. ബ്രസീലും തുര്‍ക്കിയും ഉപരോധത്തെ എതിര്‍ത്തപ്പോള്‍ ലെബനോന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആവശ്യം മാനിച്ച് ഇറാന്‍ തങ്ങളുടെ പക്കല്‍ ഉള്ള ശേഷി കുറഞ്ഞ സമ്പുഷ്ട യുറേനിയം (low enriched uranium – LEU) ടര്‍ക്കിയിലെ സുരക്ഷിത താവളത്തിലേക്ക് കൈമാറാന്‍ ധാരണയായി. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി, പ്രസിഡണ്ട് മഹമൂദ് അഹമദി നെജാദ് എന്നിവരുമായി ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സുപ്രധാന ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചത്. ഇത്തരമൊരു കൈമാറ്റം തങ്ങളുടെ മണ്ണില്‍ മാത്രമേ നടത്തൂ എന്നായിരുന്നു ഇത് വരെ ഇറാന്റെ നിലപാട്.
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
























