ശനിയാഴ്ച ഇറാന്‍ തെരുവില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വെടിയേറ്റ് പിടഞ്ഞു മരിച്ച നെദ സലേഹി ആഗാ സുല്‍ത്താന്‍ ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായി മാറി. തന്റെ അദ്ധ്യാപകനും സഹപാഠികളുമൊത്ത് ശനിയാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നെദ. അവര്‍ സഞ്ചരിച്ച വാഹനം ഗതാഗത കുരുക്കില്‍ പെട്ടപ്പോള്‍ കുറച്ചു ശുദ്ധ വായു ശ്വസിക്കാന്‍ പുറത്തിറങ്ങിയ നെദക്ക് പക്ഷെ അന്ത്യശ്വാസം വലിക്കാനാണ് താന്‍ കാറിനു പുറത്തിറങ്ങുന്നത് എന്നറിയാമായിരുന്നില്ല. പുറത്തിറങ്ങി തന്റെ മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ചു സംസാരിക്കാന്‍ തുടങ്ങിയതും സാധാരണ വേഷത്തില്‍ നടക്കുന്ന ബസിജി എന്ന അര്‍ദ്ധ സൈനിക വിഭാഗത്തിലെ സൈനികര്‍ നെദക്ക് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ നെദ റോഡില്‍ വീഴുകയും ചുറ്റുമുള്ളവര്‍ ഓടി അടുത്തപ്പോഴേക്കും പിടഞ്ഞു മരിക്കുകയും ചെയ്തു. അടുത്തുള്ള ശരിയത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെദ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരു അജ്ഞാതനായ കാഴ്ചക്കാരന്‍ പകര്‍ത്തിയ വീഡിയോ
മുകളിലത്തെ വീഡിയോ കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്ക് ഉപയോഗിച്ചും ഈ വീഡിയോ കാണാം. അല്ലെങ്കില്‍ ഇതില്‍ എവിടെയെങ്കിലും ഇത് ലഭ്യമാവും.
തങ്ങള്‍ ആരേയും ലക്ഷ്യം വെച്ച് നടപടി എടുക്കുന്നില്ല എന്ന ഇറാന്‍ സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞതായി പ്രതിഷേധക്കാര്‍ പറയുന്നു. തികച്ചും നിരപരാധി ആയിരുന്നു കൊല്ലപ്പെട്ട നെദ. ഇവര്‍ കലാപകാരിയായിരുന്നില്ല. വെടി ഏല്‍ക്കുന്ന സമയം ഇവര്‍ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം നടത്തുകയായിരുന്നില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. അതു വഴി മോട്ടോര്‍ സൈക്കിളില്‍ സാധാരണ വേഷത്തില്‍ വന്ന രണ്ടു പട്ടാളക്കാര്‍ ആണ് ഇവരെ വെടി വെച്ചു കൊന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ഇറാന്‍ പ്രതിഷേധത്തിന് ഇതോടെ ഒരു പുതിയ മുഖം കൈവന്നിരിക്കുന്നു. ഇന്റര്‍നെറ്റ് സങ്കേതം വിപ്ലവത്തിന്റെ മുഖ്യ ഉപാധിയാക്കി മാറ്റിയ ഇറാന്‍ പ്രതിഷേധക്കാര്‍ നെദയുടെ ഓര്‍മ്മക്കായി ഫേസ് ബുക്കില്‍ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ മാലാഖ എന്നാണ് ഇറാനിലെ ബ്ലോഗ്ഗര്‍മാര്‍ നെദയെ വിശേഷിപ്പിക്കുന്നത്.