യിവു : കച്ചവടത്തില്‍ ചതിവ് കാണിച്ചതിന് നിയമ വിരുദ്ധമായി ചൈനയില്‍ പിടിയിലായ രണ്ടു ഇന്ത്യന്‍ കച്ചവടക്കാരെയും ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു. ചൈനയിലെ കുപ്രസിദ്ധമായ യിവുവില്‍ കച്ചവട ആവശ്യത്തിനായി എത്തിയ ഇവരെ നേരത്തെ നടത്തിയ ഇടപാടിന്റെ പണം നല്‍കാത്തതിനാലാണ് ചൈനീസ് കച്ചവടക്കാര്‍ പിടികൂടി തടവിലിട്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളായി തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് ഇതില്‍ ഒരു കച്ചവടക്കാരനായ ദീപക് രഹേജയുടെ ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ തടവില്‍ നിന്ന് വിമുക്തമാക്കാനായി ഇന്ത്യന്‍ അധികൃതര്‍ ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ഷാങ്ഹായ് പോലീസ് പ്രശ്നത്തില്‍ ഇടപെടുകയും കച്ചവടക്കാരെ മോചിപ്പിക്കുകയുമായിരുന്നു. ഇവരെ തടവില്‍ വെച്ച ചൈനീസ് കച്ചവടക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
വ്യാജ സി. ഡി. കള്‍, പകര്‍പ്പകവാശം ലംഘിച്ചു നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിങ്ങനെ ഒട്ടേറെ നിയമവിരുദ്ധ കച്ചവടം നടത്തുന്നതില്‍ കുപ്രസിദ്ധമാണ് യിവു.
ഇന്ത്യന്‍ കച്ചവടക്കാര്‍ സത്യസന്ധമായി കച്ചവടത്തില്‍ ഏര്‍പ്പെടണം എന്ന് ചൈനീസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇവിടെ വന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരെ ബോധവല്‍ക്കരിക്കണം എന്നും ചൈന ആവശ്യപ്പെട്ടു.