
മ്യാന്മാര് : കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ പട്ടാള ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ച മ്യാന്‍മാറിലെ അനിഷേധ്യ പ്രതിപക്ഷ നേതാവ് ഔങ് സാന്‍ സൂ ചി യെ പട്ടാള ഭരണകൂടം മോചിപ്പിച്ചു. തകര്‍ന്നു തുടങ്ങിയ സൂ ചി യുടെ വീടിനു വെളിയില്‍ പട്ടാളം സ്ഥാപിച്ച വേലികള്‍ പൊളിച്ചു മാറ്റി തുടങ്ങിയപ്പോഴേക്കും ആയിര കണക്കിന് അനുയായികള്‍ സൂ ചി യുടെ വീടിനു ചുറ്റും മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടി. ഉദ്യോഗസ്ഥര്‍ സൂ ചി യുടെ വീട്ടില്‍ ചെന്ന് മോചന ഉത്തരവ് വായിക്കുകയായിരുന്നു.

മോചിതയായ സൂ ചി വീടിനു വെളിയില്‍ കൂടി നില്‍ക്കുന്ന അനുയായികളോട് കൈ വീശുന്നു
ഇതിനു മുന്‍പും പല തവണ സൂ ചി യെ മോചിപ്പിച്ചി രുന്നുവെങ്കിലും അതികം താമസിയാതെ തന്നെ പട്ടാളം ഇവരെ വീണ്ടും തടങ്കലില്‍ ആക്കുകയായിരുന്നു പതിവ്.
2200 ലേറെ രാഷ്ട്രീയ തടവുകാര്‍ ഉള്ള മ്യാന്‍മാറില്‍ “ഞങ്ങള്‍ സൂ ചി യുടെ കൂടെ” എന്ന മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് സൂ ചി യെ ജനം വരവേറ്റത്. സൂ ചി യുടെ വീട്ടില്‍ എത്തിയ ജനത്തിന്റെ ചിത്രം രഹസ്യ പോലീസ് പകര്‍ത്തുന്നതും കാണാമായിരുന്നു.
സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം തുടരുന്ന സൂ ചി യ്ക്ക് ഇതിനിടയില്‍ ഒട്ടേറെ സ്വകാര്യ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 1999ല്‍ സൂ ചി യുടെ ബ്രിട്ടീഷുകാരനായ ഭര്‍ത്താവ് മൈക്കല്‍ ആരിസ് ക്യാന്‍സര്‍ ബാധിച്ച് മരിക്കാറായപ്പോഴും സൂ ചി യെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് പട്ടാളം വിസ അനുവദിച്ചില്ല. ഭാര്യയെ കാണാന്‍ ആവാതെ തന്നെ അദ്ദേഹം മരിച്ചു. പത്തു വര്‍ഷത്തോളമായി സൂ ചി സ്വന്തം മക്കളെ കണ്ടിട്ട്. പേര മക്കളെയാവട്ടെ ഇത് വരെ കണ്ടിട്ടുമില്ല.





മ്യാന്മാര് : അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന വെള്ള ആനയെ മ്യാന്മാറില്‍ കണ്ടെത്തി എന്ന് പട്ടാള ഭരണകൂടം അവകാശപ്പെട്ടു. മ്യാന്മാറിലെ പടിഞ്ഞാറന്‍ തീര ദേശ സംസ്ഥാനമായ റാഖിനിലാണ് ഈ വെളുത്ത പിടിയാനയെ കണ്ടെത്തിയത്. ഇതിനെ അധികൃതര്‍ കീഴ്പ്പെടുത്തിയതായ് മ്യാന്മാറില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴടി രണ്ടിഞ്ച് പൊക്കമുള്ള ആനയ്ക്ക് ഏതാണ്ട് 38 വയസു പ്രായം കണക്കാക്കുന്നു.
മ്യാന്മാറില് തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
മ്യാന്മാര് ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്. 

























