ഇസ്ലാമാബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രി രാജാ പർവേസ് അഷറഫിനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി അറസ്റ്റ് ചെയ്തതോടെ പാക്കിസ്ഥാനിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തു. സുപ്രീം കോടതിയുടെ ഉത്തരവിന് ഏതാനും മണിക്കൂറുകൾ മുൻപാണ് പാക്കിസ്ഥാന്റെ രാഷ്ട്രീയ രംഗത്ത് അടുത്ത കാലത്തായി വൻ ചലനങ്ങൾ സൃഷ്ടിച്ച കാനഡക്കാരൻ മത – രാഷ്ട്രീയ നേതാവായ താഹിർ ഉൾ ഖദ്രി പാക്ക് പാർലമെന്റ് പിരിച്ചു വിടണം എന്ന ആവശ്യം ഉന്നയിച്ച് ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയോടെ പാർലമെന്റ് ഉപരോധം നടത്തിയത്. പ്രധാനമന്ത്രിയുടെ അറസ്റ്റ് പ്രഖ്യാപനം പുറത്തു വന്നപ്പോൾ വൻ ആരവത്തോടെയാണ് പാർലമെന്റ് ഉപരോധിക്കുന്ന ഖദ്രിയുടെ സംഘം ഇതിനെ വരവേറ്റത്. തങ്ങളുടെ ലക്ഷ്യത്തിന്റെ പാതി കഴിഞ്ഞു എന്നായിരുന്നു ഖദ്രിയുടെ പ്രതികരണം. തന്റെ പ്രഭാഷണത്തിന്റെ അടുത്ത പകുതി നാളെ അവസാനിക്കുമ്പോഴേക്കും ലക്ഷ്യം പൂർത്തിയാവും എന്നും ഖദ്രി പാൿ ജനതയെ അഭിസംബോധന ചെയ്ത് അറിയിച്ചു.
പാക്കിസ്ഥാനിലെ ജനാധിപത്യ പ്രക്രിയയെ തുരങ്കം വെയ്ക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയുമായി പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഏജന്റാണ് ഖദ്രി എന്നും ആരോപണമുണ്ട്. ജുഡീഷ്യറിയേയും സൈന്യത്തേയും വാനോളം പുകഴ്ത്തിയായിരുന്നു ഖദ്രിയുടെ നേരത്തേയുള്ള പ്രഭാഷണം. ഇതിന് തൊട്ട് പിന്നാലെയാണ് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ്.
രാഷ്ട്രീയ പ്രതിസന്ധിയെ മറി കടക്കാൻ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിക്കുന്ന ചരിത്രമുള്ളത് ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.