വാഷിംഗ്ടൺ : ഇന്ത്യ ഉല്പ്പാദിപ്പിച്ച പ്ലൂട്ടോണിയം മുഴുവനായി അണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഇപ്പോൾ ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ ഉണ്ടെന്നും രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞു. അണവ ശേഷിയുള്ള വിക്ഷേപണ സംവിധാനങ്ങൾ കര സേനയിലും നാവിക സേനയിലും വ്യോമ സേനയിലും വിന്യസിക്കണം എന്നാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ ഇത് പൂർണ്ണമായി നിറവേറ്റാൻ ഇനിയും കാലതാമസം ഉണ്ടാവും എന്ന് ഇവർ നിരീക്ഷിക്കുന്നു. 130ഓളം ആണവ ആയുധങ്ങൾ നിർമ്മിക്കാൻ തക്കവണ്ണം 520 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഇന്ത്യയുടെ പക്കൽ ഉള്ളത്. എന്നാൽ ഇത് മുഴുവൻ ഇനിയും ഉപയോഗിച്ചു കഴിഞ്ഞിട്ടില്ല.
മുംബൈക്ക് അടുത്തുള്ള ധ്രുവ പ്ലൂട്ടോണിയം ഉത്പാദന റിയാക്ടറിന് പുറമെ വിശാഖപട്ടണത്തിലും കല്പാക്കത്തിലും ഇന്ത്യ പുതിയ റിയാക്ടറുകൾ പണിയുന്നുണ്ട്. ഇതെല്ലാം പ്രവർത്തന ക്ഷമമാവുന്നതോടെ ഇന്ത്യയുടെ പ്ലൂട്ടോണിയം ഉത്പാദന ശേഷി വൻ തോതിൽ വർദ്ധിക്കും. 5000 കിലോമീറ്ററിൽ അധികം ദൂരത്തേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ 2012 ഏപ്രിൽ 19ന് വിജയകരമായി വിക്ഷേപിച്ചതോടെ ചൈനയുടെ അന്തർഭാഗത്തേക്ക് ആക്രമണം നടത്താനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതിനു മറുപടി എന്നവണ്ണം പാക്കിസ്ഥാൻ അണവ പ്രാപ്തിയുള്ള ഷഹീൻ-1 എ എന്ന മദ്ധ്യ ദൂര മിസൈലും പരീക്ഷിച്ചതോടെ സങ്കീർണ്ണമായ ഇന്തോ – പാൿ – ചൈനീസ് സൈനിക സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.