ടെക്സാസ് : മുപ്പതു വര്‍ഷം നിരന്തരമായി താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന നീതി ന്യായ വ്യവസ്ഥ അവസാനം ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ ടെക്സാസ് ജയിലിലെ കോര്‍ണെലിയസ് ദുപ്രീ ജൂനിയര്‍ ജയില്‍ മോചിതനായി.
1979ല്‍ നടന്ന ഒരു ബലാത്സംഗ കുറ്റത്തിനാണ് ദുപ്രി പിടിക്കപ്പെട്ടത്. കുറ്റവാളിയുടെ രൂപ സാദൃശ്യമുണ്ടെന്നു കണ്ടാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അനേകം പേരുടെ ഫോട്ടോകളുടെ ഇടയില്‍ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ ബലാല്‍സംഗത്തിന് ഇരയായ യുവതി തിരിച്ചറിയുക കൂടി ചെയ്തതോടെ ദുപ്രിയുടെ ദുര്‍വിധി എഴുതപ്പെടുകയായിരുന്നു.
അടുത്ത മുപ്പതു വര്‍ഷങ്ങള്‍ തടവറയില്‍ കിടന്ന് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണ അപ്പീല്‍ കോടതി ദുപ്രിയുടെ ഹരജി തള്ളി.
2007ല്‍ ടെക്സാസിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജില്ലാ അറ്റോര്‍ണിയായി വാറ്റ്‌കിന്‍സ് ചുമതല ഏറ്റതോടെയാണ് ദുപ്രിയുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്. ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനകളിലൂടെ 41 തടവുകാരെയാണ് ടെക്സാസില്‍ നിരപരാധികളാണെന്ന് കണ്ടെത്തി മോചിപ്പിച്ചത്. അമേരിക്കയില്‍ ഏറ്റവും അധികം പേരെ ഇങ്ങനെ മോചിപ്പിച്ചത് ടെക്സാസാണ്. ഇതിന് കാരണം ടെക്സാസിലെ ക്രൈം ലബോറട്ടറി ജീവശാസ്ത്ര തെളിവുകള്‍ കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പതിറ്റാണ്ടുകളോളം സൂക്ഷിച്ചു വെക്കുന്നു എന്നതാണ്. ഇത്തരം സാമ്പിളുകള്‍ ഡി. എന്‍. എ. പരിശോധനയ്ക്ക് വിധേയമാക്കിയാണ് തടവില്‍ കിടക്കുന്ന നിരപരാധികളെ മോചിപ്പിച്ചത്. നൂറു കണക്കിന് തടവുകാരുടെ ഡി. എന്‍. എ. പരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചു നടപ്പിലാക്കുവാന്‍ വിവിധ ജീവ കാരുണ്യ സംഘടനകളോടൊപ്പം പ്രവര്‍ത്തിച്ചു ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.
ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ്
ദുപ്രി ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജയിലിനു വെളിയില്‍ കാത്ത് നിന്നവരില്‍ അദ്ദേഹത്തെ പോലെ നിരപരാധികളായി തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിതരായ അനേകം പേര്‍ ഉണ്ടായിരുന്നു. ദൃക്സാക്ഷി തെറ്റായി തിരിച്ചറിഞ്ഞത് മൂലം നിങ്ങളില്‍ എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു എന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന് ഇവരില്‍ മിക്കവാറും കൈ പൊക്കി.
ദുപ്രിയെ കാത്ത് ജയിലിനു വെളിയില്‍ നിന്നവരില്‍ ഒരു വിശിഷ്ട വ്യക്തിയും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ വെച്ച് ദുപ്രിയെ പരിചയപ്പെട്ട സെല്‍മ പെര്കിന്‍സ്. ഇരുപത് വര്‍ഷത്തോളം തമ്മില്‍ പ്രണയിച്ച ഇവര്‍ കഴിഞ്ഞ ദിവസം വിവാഹിതരായി.
അപൂര്‍വ പ്രണയ സാഫല്യം
തടവില്‍ അടയ്ക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും ടെക്സാസ് അമേരിക്കയില്‍ ഏറ്റവും മുന്നിലാണ്. 2009ല്‍ പാസാക്കിയ നഷ്ട പരിഹാര നിയമ പ്രകാരം തടവില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 36 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 30 വര്ഷം തടവ് അനുഭവിച്ച ദുപ്രിക്ക് 11 കോടിയോളം രൂപയാവും നഷ്ട പരിഹാരം ലഭിക്കുക.
30 വര്‍ഷത്തിനിടയില്‍ രണ്ടു തവണ, കുറ്റം സമ്മതിക്കുകയാണെങ്കില്‍ പരോളില്‍ വിടാമെന്നും ശിക്ഷ ഇളവ് ചെയ്ത് മോചിപ്പിക്കാം എന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ദുപ്രി ഉറച്ചു നിന്നു.
“സത്യം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുക” – തന്റെ നിരപരാധിത്വം ജഡ്ജി പ്രഖ്യാപിച്ചപ്പോള്‍ 51 കാരനായ ദുപ്രിയുടെ വാക്കുകളായിരുന്നു ഇത്.