ന്യൂഡല്‍ഹി : ഡാം 999 എന്ന ചലച്ചിത്രം നിരോധിച്ച നടപടി വിശദീകരിക്കാന്‍ സുപ്രീം കോടതി തമിഴ് നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ സംസ്ഥാനത്തിന് എന്തവകാശം എന്ന് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു.
ഇന്ത്യക്ക് ഒരു ഭരണഘടനയാണ് ഉള്ളത് എന്നും സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ഭരണഘടനയൊന്നും ഇല്ല എന്നും സുപ്രീം കോടതി തമിഴ് നാടിനെ ഓര്‍മ്മിപ്പിച്ചു.
മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഡാം 999 എന്ന ചലച്ചിത്രം തമിഴ് നാട് നിരോധിച്ചത്.
സെന്‍സര്‍ ബോര്‍ഡ് അനുവാദം നല്‍കിയ ഒരു ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നും സുപ്രീം കോടതി തമിഴ് നാട് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗുരുകൃഷ്ണ കുമാറിനോട് ചോദിച്ചു.
ഒരു ചിത്രത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നല്‍കി കഴിഞ്ഞാല്‍ അത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
- ജെ.എസ്.