ന്യൂഡല്‍ഹി: ഐ.എസ്.ആര്‍ .ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി സി.എ.ജി.യുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ദി ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചാണ് 2005ല്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍, ഇതിന്റെ മറവില്‍ അടുത്ത ഇരുപത് വര്‍ഷത്തേയ്ക്ക് എസ്. ബ്രാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാഹേര്‍ടസ് അനിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസിന് ലഭിക്കും. ഇതുവഴി പൊതുഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബിസിനസ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാസുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ആന്‍ട്രിക്‌സിന് അടുത്ത പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് പ്രതിവര്‍ഷം പതിനൊന്ന് ദശലക്ഷം ഡോളറാണ് ലഭിക്കേണ്ടത്.
സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതുവഴി കേന്ദ്രസര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. നടത്തിയ കണ്ടെത്തലിന്റെ ചൂടാറുംമുന്‍പാണ് അടുത്ത ക്രമക്കേടിന്റെ കഥ പുറത്തുവന്നിരിക്കുന്നത്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന 2 ജി സ്‌പെക്ട്രം തിരിമറിയുടെ പേരില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ. രാജ അറസ്റ്റിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ തിരിമറി നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ സി.എ.ജി. കണ്ടെത്തിയ ഐ.എസ്.ആര്‍ .ഒ പ്രധാനമന്ത്രി ചുമതല വഹിക്കുന്ന ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിലാണ് വരുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം ഇരട്ടിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ വിശദീകരണം നല്‍കാന്‍ ശാസ്ത്രസാങ്കേതിക വകുപ്പിനോട് സി.എ.ജി. ആവശ്യപ്പെട്ടിട്ടുണ്ട്.
കരാര്‍ അനുസരിച്ച്, ഒരു കാലത്ത് രാജ്യത്താകമാനം സംപ്രേഷണം നടത്താന്‍ ദൂരദര്‍ശന്‍ ഉപയോഗിച്ചിരുന്ന 2500 മെഗാഹേര്‍ട്‌സ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രത്തിലെ 70 മെഗാഹേര്‍ട്‌സ് ഉപയോഗിക്കാനാണ് ദേവാസിന് അനുമതി ലഭിച്ചത്. പിന്നീടാണ് അതിവേഗ ഭൂതല മൊബൈല്‍ വിനിമയത്തിന് സഹായകരമായ ഇതിന്റെ വാണിജ്യമൂല്യം സര്‍ക്കാര്‍ തിരിച്ചറിയുന്നത്. 2010ല്‍ 3 ജി മൊബൈല്‍ സര്‍വീസുകള്‍ക്കായി 15 മെഗാഹേര്‍ട്‌സ് മാത്രം ലേലം ചെയ്ത വകയില്‍ കേന്ദ്രസര്‍ക്കാരിന് 67,719 കോടി രൂപയാണ് ലഭിച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, കേരള രാഷ്ട്രീയം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം