
അഹമ്മദാബാദ് : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യ കൌസര്‍ ബി യെ വധിക്കുന്നതിന് മുന്‍പ് ഒരു ഫാം ഹൌസില്‍ കൊണ്ട് പോയി പോലീസ് ബലാല്‍സംഗം ചെയ്തു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു മുന്‍ ഭീകര വിരുദ്ധ സ്ക്വാഡ് പോലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര മക്വാന ആണ് ഈ ഞെട്ടിക്കുന്ന കഥ സി. ബി. ഐ. ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്റ്റേഷനില്‍ വെച്ച് ഷെയ്ഖിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയും അവരുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ പോലീസ് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൌസര്‍ ബി പോലീസിനു വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഇവരെ ദൂരെയുള്ള ഒരു ഫാം ഹൌസിലേക്ക് കൊണ്ട് പോയി സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണ ചൌബെ ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം ഇവരെ വീണ്ടും സ്റ്റേഷനില്‍ എത്തിക്കുകയും ഇവരെ വധിക്കുകയുമാണ് ഉണ്ടായത്. അന്ന് വൈകീട്ട് 5 മണിക്ക് ഡി. ജി. വന്‍സാര തന്റെ കീഴുദ്യോഗസ്ഥനെ വിട്ട് വിറക് വാങ്ങിച്ചത് ഇവരുടെ മൃതശരീരം കത്തിച്ചു കളയാന്‍ ആണെന്നും അനുമാനിക്കപ്പെടുന്നു.

ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ അമിത് ഷായെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ സമന്‍സ് അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. ഒളിവിലായിരുന്ന ഇയാള്‍ ഇത്രയും നാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. രണ്ടു ദിവസം മുന്‍പ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജാമ്യം കിട്ടുന്ന പക്ഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന് സി. ബി. ഐ. സുപ്രീം കോടതിയില്‍ വാദിക്കുകയും സുപ്രീം കോടതി ഇയാളോട് നവംബര്‍ 15 വരെ ഗുജറാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അമിത് ഷാ ഇപ്പോള്‍ മുംബൈയിലാണ് താമസം.





അഹമദാബാദ് : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലെ ഒരു പ്രധാന സാക്ഷിയായ അസം ഖാന്‍ തന്നെ സി. ബി. ഐ. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ നേരത്തെ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയത് എന്ന് കോടതിയെ അറിയിച്ചു. തനിക്ക് ഈ കേസിനെ കുറിച്ച് ഒന്നും അറിയില്ല. തങ്ങള്‍ പറയുന്നത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ഒരു പ്രമുഖ വ്യവസായിയെ വെടി വെച്ചു കൊന്ന കേസില്‍ തന്നെ ജീവിതകാലം മുഴുവന്‍ ജെയിലില്‍ അടയ്ക്കും എന്ന് സി. ബി. ഐ. തന്നെ ഭീഷണിപ്പെടുത്തി. സി. ബി. ഐ. പറഞ്ഞു തന്ന കഥ ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളുടെ മുന്‍പിലും പറയുവാനും തന്നോട് ആവശ്യപ്പെട്ടു എന്നും ഖാന്‍ വെളിപ്പെടുത്തി.
അഹമ്മദാബാദ് : തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കുവാനും ഗുജറാത്തിന്റെ വികസനം മരവിപ്പിക്കുവാനും കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയിരിക്കുകയാണ് എന്ന് ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഗുജറാത്ത് കൈവരിക്കുന്ന പുരോഗതി തടയാനാണ് തന്നെ ഇല്ലാതാക്കാന്‍ കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയത് എന്നും മോഡി ആരോപിച്ചു. അഹമ്മദാബാദില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് മോഡി കൊണ്ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.























