
തൃശ്ശൂര്‍:ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന കെ. വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടിയതായി പരിശോധനയില്‍ കണ്ടിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് കെ. വേണു പറഞ്ഞു. ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്ന ലാമ്പ്‌സ് പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്. കക്ഷി രാഷ്ടീയമന്യേ ലാലൂരിലെ ജനങ്ങള്‍ ഒന്നടങ്കമാണ് മലിനീകരണ പ്രശ്നത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. ഇവര്‍ക്ക് പിന്തുണയുമായി പല പരിസ്തിതി പ്രവര്‍ത്തകരും ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്. വികേന്ദ്രീകൃത മാലിന്യ നിക്ഷേപവും സംസ്കരണവുമാണ് സമര സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ട് വെക്കുന്ന ആവശ്യം. കെ. വേണു നിരാഹാര സമരം ആരംഭിച്ചതോടെ സമരത്തിനു പുതിയ മാനം കൈവന്നിട്ടുണ്ട്. ഇത് മുതലെടുക്കുവാന്‍ സി. പി. എം ഉള്‍പ്പെടെ ചില കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സമര സമിതിയെ ഒഴിവാക്കിക്കൊണ്ട് സ്വന്തം നിലക്ക് സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് ജനങ്ങളീല്‍ സംശയം ജനിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, ക്രമസമാധാനം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം