
തിരുവനന്തപുരം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട വിവാദത്തെ പറ്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സഭ തന്നെ കര്‍ദിനാളിന്റെ പ്രസ്താവന നിഷേധിച്ച സാഹചര്യത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പു കേസില്‍ നിയമത്തിന്റെ ഉള്ളില്‍ നിന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റു ചെയ്തവര്‍ കീഴടങ്ങുക തന്നെ വേണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ട്. എസ്.എം. കൃഷ്ണയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറായത്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തീരസുരക്ഷ അവലോകനം ചെയ്യാനായി ഉടന്‍ തന്നെ ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി ഉദ്യോഗസ്ഥരക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതല യോഗം നടത്തുമെന്നും അതുകഴിഞ്ഞ് മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗവും വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം



























