രന്‍ജിപണിക്കര്‍ രചിച്ച ഭരത് ചന്ദ്രനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്സും ചേര്‍ന്ന് സംഭാഷണത്തിലൂടെയും സംഘട്ടനത്തിലൂടെയും തീയേറ്ററുകളെ ഇളക്കി മറിക്കുമ്പോളാണ് ഇത്തരം നായകന്മാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ടി.ദാമോദരന്‍ വിടപറയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സമകാലിക രാഷ്ടീയ സാമൂഹിക സംഭവങ്ങളെ വ്യത്യസ്തമായ രീതിയില്‍ തിരശ്ശീലയിലേക്ക് ആദ്യമായി ആവാഹിച്ച തിരക്കഥാകൃത്തായിരുന്നു ദാമോദരന്‍ മാഷെന്ന ടി.ദാമോദരന്‍. അടിയന്തിരാവസ്ഥയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും പല തരത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ കടന്നു വന്നു. സാധാരനക്കാരുടെ മനസ്സിലെ വേദനകളും പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും ചങ്കൂറ്റത്തോടെ അധികാരികളുടെ മുമ്പില്‍ വിളിച്ചു പറയുന കഥാപാത്ര സൃഷ്ടിയിലൂടെ അദ്ദേഹം ജനപ്രിയനായി മാറി. മലയാള സിനിമയില്‍ തീപാറുന്ന സംഭാഷണങ്ങള്‍ കടന്നുവരുന്നത് ടി.ദാമോദരന്റെ സൃഷ്ടികളിലൂടെയാണ്. രോഷത്തോടെ പ്രതികരിക്കുന്ന നായകന്റെ സംഭാഷണങ്ങളില്‍ ഇംഗ്ലീഷും കടന്നു വന്നത് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അങ്ങാടി എന്ന ചിത്രത്തില്‍ വി ആര്‍ നോട്ട് ബെഗ്ഗേഴ്സ് എന്ന് ജയന്‍ പറയുന്ന ഡയലോഗ് ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഒക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയുന്ന തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിനും, ഭരത് ചന്ദ്രനും പതിറ്റാണ്ടു മുമ്പേ ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ദാമോദരന്‍ മാഷ് തുടക്കം കുറിച്ചു. രാഷ്ടീയം-പോലീസ്-അധോലോകം-ആധ്യാത്മികത-മാധ്യമം ഇവയുടെ വ്യത്യസ്ഥാനുപാതത്തിലുള്ള സങ്കലങ്ങള്‍ വിജയങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ടി.ദാമോദരന്‍ മലയാള സിനിമയില്‍ പരീക്ഷിച്ച് വിജയിച്ച ഈ പാറ്റേന്‍ പിന്നീട് വന്ന ചിലര്‍ വിജയകരമായി പിന്തുടര്ന്നതായി കാണാം. മലയാള സിനിമയിലെ മെഗാസ്റ്റാര്‍ തിരക്കഥാകൃത്തായ രന്‍ജി പണിക്കര്‍ സൃഷ്ടിച്ച തേവള്ളിപ്പറമ്പില്‍ ജോസഫ് അല്‍ക്സിന്റേയും, ഭരത് ചന്ദ്രന്റേയും പ്രാക്രൂപങ്ങള്‍ മാഷുടെ ചിത്രങ്ങളില്‍ കാണാനാകും.ദാമോദരന്‍ മാഷുടെ രചനകളിലെ ഊര്‍ജ്ജം ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അത് തിരശ്ശീലയിലേക്ക് ആവാഹിക്കുന്നതില്‍ ഐ.വി.ശശി എന്ന സംവിധായകന് സാധിച്ചു.
70 കളില്‍ സിനിമയില്‍ എത്തിയ ടി.ദാമോദരന്റെ കരിയറിലെ വഴിത്തിരിവാകുന്നത് 1980-ല്‍ ഇറങ്ങിയ അങ്ങാടിയിലൂടെയാണ്. ജയന്‍-സീമ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമായി. ജയന്‍ എന്ന നടന്റെ താരപരിവേഷം ഉയര്‍ത്തിയ അങ്ങാടി,മീന്‍,കരിമ്പന, കാന്തവലയം തുടങ്ങിയ ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ദാമോദരന്‍ മാഷായിരുന്നു. അങ്ങാടിയെ തുടര്‍ന്ന് വന്ന തുടര്‍ച്ചയായുള്ള വമ്പന്‍ ഹിറ്റുകള്‍ കച്ചവട സിനിമയിലെ ഏറ്റവും മൂല്യമുള്ള തിരക്കഥാകൃത്തായി അദ്ദേഹത്തെ മാറ്റി.
ആവനാഴിയും, ഈ നാടും, വാര്‍ത്തയും, അടിമകള്‍ ഉടമകളും, ആര്യനും, അദ്വൈദവുമെല്ലാം പല കാലഘട്ടങ്ങളിലെ രാഷ്ടീയ സാമൂഹിക സാമുദായിക വിഷയങ്ങള്‍ കൈകാര്യം ചെയ്തു. 1921 എന്ന ചിത്രം മാപ്പിള ലഹളക്കാലത്തെ, മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ കരിയറിലെ കരുത്തനായ പോലീസ് ഓഫീസര്‍ കഥാപാത്രങ്ങളില്‍ ഏറ്റവും മുമ്പനാണ് മാഷുടെ രചനയില്‍ പിറന്ന ഇന്‍സ്പ്കെടര്‍ ബലറാം. സംവിധായകന്‍ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും പ്രത്യേകതള്‍ നിറഞ്ഞ ചിത്രമായ കലാപാനി സ്വാതന്ത്ര്യ സമകാലഘട്ടത്തിലെ മറക്കാനാവാത്ത ചില സംഭവങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമായി. 2006-ല്‍ പുറത്തിറങ്ങിയ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രം പക്ഷെ വിജയിച്ചില്ല. യെസ് യുവര്‍ ഓണര്‍ എന്ന ചിത്രമാണ് ടി.ദാമോദരന്‍ രചന നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.
തന്റെ സൃഷ്ടികളില്‍ കഥാപാത്ര ബാഹുല്യം ഉള്ളപ്പോളും അവയ്ക്കൊക്കെ വ്യത്യസ്ഥതയും ഡയലോഗുകളിലെ കൃത്യതയും പാലിക്കുന്നതില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. പ്രേക്ഷകന്റെ പള്‍സ് കൃത്യമായി മനസ്സിലാക്കിക്കൊണ്ടായിരുന്നു ഓരോ രചനയും. അബ്‌കാരിയെന്ന ചിത്രം രാഷ്ടീയ-ഉദ്യോഗസ്ഥ-മദ്യ ലോബിയ്ക്കിടയിലെ അവിശുദ്ധ ബന്ധങ്ങളേയും തുറന്നുകാട്ടി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ