തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ ജഗന്നാഥന് (74) കലാ കേരളത്തിന്റെ അന്ത്യാഞ്ജലി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗന്നാഥന്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്തരിച്ചത്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ നിരവധി പേര്‍ പൂജപ്പുരയിലെ വസതിയില്‍ എത്തിയിരുന്നു. രാവിലെ പതിനൊന്നര മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഭൌതിക ശരീരം സംസ്കരിച്ചു.
സരസ്വതി അമ്മയാണ് ഭാര്യ. റേഡിയോ മാംഗോ കണ്ണൂര്‍ സ്റ്റേഷന്‍ മേധാവി ചന്തു, അധ്യാപികയായ രോഹിണി എന്നിവര്‍ മക്കളാണ്.
കായികാധ്യാപകനായിരുന്ന ജഗന്നാഥന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച സാത്താന്റെ ഗോപുരം എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാവാലം നാരായണ പണിക്കരുടെ നാടക സംഘത്തില്‍ അംഗമായി. 1985-ല്‍ ആയിരം കാതമകലേ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഗ്രാമത്തില്‍ നിന്ന് എന്ന രാജീവ് നാഥ് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സൂര്യമാനസം, മഴവില്‍ക്കാവടി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ