കോട്ടയ്ക്കല്‍: രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് സ്വദേശി അവിടനല്ലൂര്‍ തഖ്വയില്‍ ഷബീറിനെ മലപ്പുറത്ത് പോലീസ് അറസ്റ്റു ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡി. വൈ. എസ്. പി. എം. പി. മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘമാണ് വെള്ളിയാഴ്ച രാത്രി ഷബീറിനെ അറസ്റ്റു ചെയ്തത്. ഐ. എന്‍ . എ. (ദേശീയ അന്വേഷണ ഏജന്‍സി) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കള്ളനോട്ട് വേട്ട. 8 സീരീസുകളിലായി 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. നാഗര്‍ കോവിലില്‍ വച്ച് മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയ നോട്ട് മലപ്പുറത്തെ രണ്ടു പേര്‍ക്ക് നല്‍കാനായി കൊണ്ടു വരികയായിരുന്നു. 2,48,000 രൂപയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. നാലു നോട്ടുകള്‍ മറ്റാര്‍ക്കോ നല്‍കി.
മണിച്ചെയിന്‍ ഇടപാടുമായി ബന്ധമുണ്ടായിരുന്ന ഷബീറിന് മുക്കാല്‍ കോടിയോളം രൂപയുടെ കടമുള്ളതായി കരുതുന്നു. സ്വന്തം വീട്ടില്‍ നിന്നും മാറി സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചു വരുന്നത്. ഈ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.
പ്രതിയെ പിന്നീട് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്