തിരുവനന്തപുരം: തിരുവാനന്തപുരം ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.പാര്‍ട്ടി സെക്രട്ടറിയായിരിക്കുവാന്‍ വേണ്ട യാതൊരു ഗുണവും ഇല്ലാത്ത ‘പാവ സെക്രട്ടറി’യാണ് പന്ന്യന്‍ രവീന്ദ്രനെന്നും. ഇത്തരം വ്യക്തികള്‍ സെക്രട്ടറിയായി ഇരിക്കുന്നതിന്റെ ദോഷങ്ങളാണ് താന്‍ അടക്കം ഉള്ളവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. പന്ന്യന്‍ ഫുഡ്ബോളിനെ പറ്റി പുസ്തകം എഴുതും സിനിമ കാണും ഇതൊക്കെ നല്ലതു തന്നെ പക്ഷെ പാര്‍ട്ടി സെക്രട്ടറിക്കു വേണ്ട ഗുണങ്ങള്‍ അദ്ദേഹത്തിനില്ല. സ്വന്തമായി തീരുമാനം എടുക്കുവാനും അതു നടപ്പിലാക്കുവാനും കഴിവില്ലാത്ത വ്യക്തിയാണ് പന്ന്യനെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.
ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് ഒരു ഘടകത്തിലും താന്‍ അടക്കം ഉള്ളവര്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനാണ്. ബെന്നറ്റ് എബ്രഹാമിന്റെ പേരു സ്ഥാനാര്‍ഥി ലിസ്റ്റില്‍ കടന്നുവരുവാനായി നിര്‍ദ്ദേശിച്ചതും അതിനായി അമിതോത്സാഹം കാണിച്ചതും പന്ന്യന്‍ ആണെന്ന് ശശി ആരോപിച്ചു.
പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. അങ്ങിനെയെങ്കില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെയും നടപടിയെടുക്കേണ്ടിവരും. തനിക്കെതിരെ നടപടി വരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്മറ്റിയില്‍ വന്നതോ വരാന്‍ ഇരിക്കുന്നതോ ആയ കാര്യങ്ങള്‍ വാര്‍ത്തയാകുന്നത് എങ്ങിനെയെന്ന് ശശി ചോദിച്ചു.മാധ്യമങ്ങള്‍ വഴിയുള്ള പ്രശസ്തിക്കായി ശ്രമിക്കുന്നത് പന്ന്യന്‍ രവീന്ദ്രന്‍ ആണെന്നും വാര്‍ത്ത ചോര്‍ത്തുന്നത് പന്ന്യന്‍ അല്ലെങ്കില്‍ അദ്ദേഹം ആരോപണം നിഷേധിക്കുവാന്‍ തയ്യാറാകണമെന്നും ശശി പറഞ്ഞു.
സി.പി.ഐയില്‍ വിഭാഗീയതയുണ്ടെന്നും തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിച്ചതായും ശശി തുറന്നടിച്ചു. താന്‍ സി.പി.ഐയില്‍ നിന്നും വിട്ടു പോയാലും തുടര്‍ന്നും ഇടതു പക്ഷത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ശശി വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, വിവാദം