കുട്ടിക്കാനം : ലോക മലയാളി കൌൺസിൽ സംഘടിപ്പിച്ച പ്രഥമ എൻ. ആർ. കെ. സംഗമം ആഗസ്റ്റ് 10, 11, 12, തിയതികളിൽ കുട്ടിക്കാനം മറിയൻ കോളജിൽ വെച്ച് നടന്നു. 137 മറുനാടൻ മലയാളി കുടുംബങ്ങൾ റജിസ്റ്റർ ചെയ്ത സംഗമത്തിൽ 200 പേർ പങ്കെടുത്തു. 18 രാജ്യങ്ങളിൽ നിന്നും എത്തിയ മലയാളികൾ ഒത്തു ചേർന്ന ഈ അപൂർവ്വ സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ സന്തോഷവും, അനുഭവങ്ങളും, ആശയങ്ങളും, ചിന്തകളും പരസ്പരം പങ്കു വെച്ചു.
അദ്യ ദിനത്തിൽ മന്ത്രി പി. ജെ. ജോസഫും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ഗാനമേള ഏറെ രസകരമായി. അടുത്ത ദിവസം നടന്ന അനൌപചാരിക ചർച്ചയിൽ മുൻ മന്ത്രി എം. എ. ബേബി, റിയാസ് കോമു എന്നിവർ പങ്കെടുത്തു.
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “ഇവൻ മേഘരൂപൻ” എന്ന ഏറ്റവും പുതിയ സിനിമ, സിനിമയിലെ നായകനും നിർമ്മാതാവുമായ പ്രകാശ് ബാരെയുടെ സാന്നിദ്ധ്യത്തിൽ തന്നെ പ്രദർശിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഒട്ടനവധി പരിപാടികൾ കോർത്തിണക്കി രൂപകല്പ്പന ചെയ്ത കുട്ടിക്കാനം എൻ. ആർ. കെ. സംഗമം പങ്കെടുത്ത എല്ലാവർക്കും എക്കാലത്തേയ്ക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, സിനിമ