കോഴിക്കോട്: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 76 പ്രതികള്‍ക്കെതിരെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ടി. പി. ചന്ദ്രശേഖരനെ വധിച്ചത് അദ്ദേഹത്തോടുള്ള രാഷ്ടീയ വിരോധം മൂലമെന്ന് ടി. പി. വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വ്യക്തമാക്കുന്നു. സി. പി. എം. വിട്ട ചന്ദ്രശേഖരന്‍ പിന്നീട് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഇത് സി. പി. എമ്മിനു വലിയ തോതില്‍ രാഷ്ടീയമായ തിരിച്ചടിയായി. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള പലരും സി. പി. എം. വിട്ട് ചന്ദ്രശേഖരന്റെ ആര്‍. എം. പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വടകരയില്‍ നിന്നും ലോക്‍സഭയിലേക്ക് മത്സരിച്ച സി. പി. എം. സ്ഥാനാര്‍ഥി പി. സതീദേവിയുടെ പരാജയവും വിരോധത്തിന്റെ ആക്കം കൂട്ടി. 2012 മാര്‍ച്ചില്‍ നടന്ന ആര്‍. എം. പി. യുടെ ഏരിയാ സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് ഏതു വിധേനയും ടി. പി. യെ വധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായും പറയുന്നു.
ടി. പി. ക്കെതിരെയും ആര്‍. എം. പി. ക്കെതിരെയും പല തവണ അക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ടി. പി. യെ വധിക്കുവാന്‍ 2009 സെപ്‌റ്റംബറിലും ഒക്ടോബറിലും ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ചന്ദ്രശേഖരന്‍ വധക്കേസില്‍ എം. സി. അനൂപാണ് ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, കെ. എച്ച്. മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, സായുധരായി കലാപം സൃഷ്ടിക്കല്‍, പ്രേരണ, തെളിവു നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, സ്ഫോടക വസ്തു ഉപയോഗിക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ വിളികള്‍ ഈ കേസില്‍ നിര്‍ണ്ണായക തെളിവായി. വാഹനങ്ങള്‍, ആയുധങ്ങള്‍, രക്തം, ഫോട്ടോകള്‍, സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, മൊബൈല്‍ സിം കാര്‍ഡുകള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ കേസില്‍ 181 വസ്തുക്കള്‍ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എ. ഡി. ജി. പി. വിന്‍സന്‍ എം. പോള്‍, എ. ഐ. ജി. അനൂപ് കുരുവിള ജോണ്‍, ഡി. വൈ. എസ്. പി. മാരായ കെ. വി. സന്തോഷ്, എ. പി. ഷൌക്കത്തലി, എം. ജെ. സാജന്‍ , ജോസി ചെറിയാന്‍ , സി. ഐ. ബെന്നി എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഈ കൊലപാതകത്തിന്റെ അന്വേഷണ ചുമതല വഹിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്