കണ്ണൂര്‍ : കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അവ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സ്ഥാപിച്ചിട്ടുള്ള കണ്ടല്‍ പാര്‍ക്കില്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും കണ്ടലിനെ മറയാക്കി ക്കൊണ്ട് മറ്റു പല പദ്ധതികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വിവാദ കണ്ടല്‍ പാര്‍ക്കിനെതിരെ സജീവമായി രംഗത്ത് വന്നത് കെ. സുധാകരന്‍ എം. പി. യാണ്. കണ്ണൂര്‍ രാഷ്ടീയത്തില്‍ സുധാകരന്റേയും മാര്‍ക്കിസ്റ്റ് പാര്ട്ടിയുടേയും ബലാബലത്തിനും വിവാദ പാര്‍ക്ക് വിഷയം വേദിയായി. സുധാകരന്‍ പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കി. തുടര്‍ന്ന് പാര്‍ക്ക് വിദഗ്ദ സമിതി സന്ദര്‍ശിക്കുകയുണ്ടായി. ഇവരുടെ നിരീക്ഷണത്തിലും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ചുള്ള കേസില്‍ സുപ്രീം കോടതിയും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുവാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
നടപടികളെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചുവെങ്കിലും പിന്നീട് ഇത് തുറന്നിരുന്നു. പത്തു രൂപ സംഭാവനയായി സ്വീകരിച്ചു കൊണ്ടാണ് പാര്‍ക്കിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പരിസ്ഥിതി, വിവാദം