തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയലാര്‍ രാമ വര്‍മ്മയുടെ ചരമ ദിനത്തില്‍ പുരസ്കാരം നല്‍കുമെന്ന് വയലാര്‍ രാമ വര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ട് പ്രൊഫ. എം. കെ. സാനു പത്ര സമ്മേളനത്തില്‍ അറിയിച്ചു. മലയാളിയുടെ വായനാ ബോധത്തെ പിടിച്ചുണര്‍ത്തുവാനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകുവാനും ആരാച്ചാരിലൂടെ മീരക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ളതാണ് ‘ആരാച്ചാര്‍’ എന്ന നോവല്‍. പരമ്പരാഗത നോവല്‍ സങ്കല്പങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായാണ് ഈ നോവലിന്റെ സങ്കേതം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയെ പ്രമേയമാക്കി ക്കൊണ്ടുള്ള നോവല്‍ എപ്രകാരമാണ് ഭരണകൂടം ഓരോരുത്തരെയും ഇരകളാക്കുന്നതെന്ന് കാണിച്ചു തരുന്നു.
2013-ലെ ഓടക്കുഴല്‍ അവാര്‍ഡിനും ഈ കൃതി അര്‍ഹമായിട്ടുണ്ട്. ഹാങ് വുമണ്‍ എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയായ കെ. ആര്‍. മീര നിരവധി ചെറുകഥകളും ഏതാനും നോവലുകളും രചിച്ചിട്ടുണ്ട്. നേത്രോന്മലീനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാ സാധു, യൂദാസിന്റെ സുവിശേഷം എന്നീ നോവലുകളും ആവേ മരിയ, ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും മാലാഖയുടെ മറുകുകള്‍ എന്ന നോവലൈറ്റും രചിച്ചിട്ടുണ്ട്.
- എസ്. കുമാര്‍