തിരുവനന്തപുരം: വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടുന്ന നിയമസഭയില്‍ ഡസ്കില്‍ കാലുകയറ്റിവച്ച് നിന്നതിനു കൃഷിമന്ത്രി കെ.പി.മോഹനന്‍ സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചു. മന്ത്രിയുടെ ഖേദപ്രകടനത്തെ തുടര്‍ന്ന് മറ്റു നടപടികളിലേക്ക് കടന്നില്ല. ഇന്നലെ സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍ക്കിടെയാണ് മന്ത്രി ഡസ്കില്‍ കാല്‍ കയറ്റി വച്ചത്. ഇതു ശ്രദ്ധയില്‍ പെട്ട വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉടനെ ഇടപെട്ട് കെ.പി.മോഹനനെ ശാന്തനാക്കുകയായിരുന്നു.
മന്ത്രിയുടെ പെരുമാറ്റത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. കൂടാതെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഈ രംഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്നു രാവിലെ മന്ത്രിയെ സ്പീക്കര്‍ തന്റെ ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തില്‍ പെട്ടെന്നുണ്ടായ പ്രകോപനമാണ് അത്തരത്തില്‍ പെരുമാറാനിടവന്നതെന്നും മന്ത്രി കെ.പി മോഹനന്‍ സ്പീക്കറോട് വിശദീകരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഴുതി നല്‍കുകയും ചെയ്തു.
ഇന്നലെ സി.പി.എം നേതാവ് കടകം പള്ളി സുരേന്ദ്രന്‍ സഭയില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയതും വിവാദമായിരുന്നു. അംഗമല്ലാത്ത താന്‍ സഭയുടെ നടുത്തളത്തില്‍ പ്രവേശിച്ചത് ഓര്‍ക്കാതെ ആണെന്നും അത് മനപൂര്‍വ്വമല്ലെന്നും കടകം പള്ളി സുരേന്ദ്രന്‍ സ്പീക്കറെ അറിയിച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തിനെതിരെ മറ്റു നടപടികള്‍ വേണ്ടെന്ന് വെച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം