
തൊടുപുഴ : മൂന്നാറില്‍ വെച്ച് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നു മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായ എല്ലാ ഡ്രൈവർമാരുടെയും ലൈസന്‍സ് റദ്ദാക്കും എന്ന് സംസ്ഥാന ഗതാഗത വകുപ്പ് വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍.
അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍. ടി. ഒ. ക്ക് കത്തു നല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ല.
മൂന്നാറിലും ഓണ്‍ ലൈന്‍ ടാക്‌സി ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ ഉണ്ടായത് തനി ഗുണ്ടായിസം ആയിരുന്നു. ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യം ആവരുത്. ഡബിള്‍ ഡെക്കര്‍ ബസ്സു വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.
ഓൺ ലൈനിൽ ബുക് ചെയ്ത ടാക്സിയിൽ എത്തിയ മുംബൈ സ്വദേശി ജാന്‍വി എന്ന പ്രൊഫസർക്കാണ് മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
മൂന്നാറിൽ ഓണ്‍ ലൈന്‍ ടാക്സി അനുവദിക്കുകയില്ല എന്നും പറഞ്ഞു ഇവര്‍ സഞ്ചരിച്ച കാർ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു എങ്കിലും സംഭവ സ്ഥലത്തു എത്തിയ പോലീസ് ഉദ്യോഗസ്ഥർ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇക്കാര്യം ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, tourism, എതിര്‍പ്പുകള്‍, ഗതാഗതം, നിയമം, പ്രതിരോധം, മനുഷ്യാവകാശം, വിനോദ സഞ്ചാരം, വിനോദയാത്ര, വിവാദം, സാമൂഹികം




























