ആലപ്പുഴ: പ്രശസ്ത നാടകകൃത്തും സംവിധായകനും, നാടക നടനുമായ പി. എം. ആന്‍റണി (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. എഴുപതുകളില്‍ നാടക രംഗത്ത് തരംഗം സൃഷ്ടിച്ച നിരവധി നാടകങ്ങള്‍ കൈരളിക്ക് സമര്‍പിച്ച ഇദ്ദേഹത്തിന് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയ്യേറ്റെഴ്സ് അവതരിപ്പിച്ച ‘കടലിന്റെ മക്കള്‍’ എന്ന ആദ്യ രചനയ്ക്ക് തന്നെ മികച്ച പ്രൊഫഷണല്‍ നാടക അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടി.
മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയും സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വിവാദം സൃഷ്ടിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’, ‘സ്പാര്‍ട്ടക്കസ്’, ‘ഇങ്ക്വിലാബിന്റെ പുത്രന്‍’, ‘അയ്യങ്കാളി’ എന്നീ നാടകങ്ങളുടെ രചയിതാവാണ്. ‘സ്റ്റാലിന്‍’ എന്ന നാടക രചന പൂര്‍ത്തിയായി സ്റ്റേജില്‍ കയറാ നിരിക്കുകയായിരുന്നു. ‘അയ്യങ്കാളി’ എന്ന നാടകം ജനുവരിയില്‍ ഷാര്‍ജയില്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കളിക്കാനിരിക്കെയാണ് ആകസ്മികമായ അന്ത്യം ഉണ്ടായത്.
ജനകീയ സാംസ്കാരിക വേദിയുടെ ആദ്യ സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഒരാളായിരുന്നു. ജനകീയ സാംസ്കാരിക വേദിക്കു വേണ്ടി ഇന്ത്യയിലുടനീളം തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. 1980ല്‍ നക്‌സലൈറ്റ് ഉന്‍മൂലനക്കേസില്‍ പ്രതിയെന്ന കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഒളിവിലായിരുന്നു. ഈ കേസില്‍ സെഷന്‍സ് കോടതി ആറു മാസത്തെ തടവ് മാത്രം വിധിച്ചെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി ഉയര്‍ത്തി. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993ലാണ് ജയില്‍മോചിതനായത്. ഗ്രേസിയാണ് ഭാര്യ. അജിത, അനില്‍, ആസാദ്, അനു എന്നിവരാണ് മക്കള്‍.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, നാടകം