ന്യൂഡൽഹി : പാൿ സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ച് 58 ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ പാൿ സമുദ്ര സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യൻ തൊഴിലാളികൾ അത് വക വെച്ചില്ല എന്നും ഇതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നും പാൿ അധികൃതർ വ്യക്തമാക്കി. 9 മൽസ്യ ബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കി മലിർ ജെയിലിലേക്ക് അയയ്ക്കും.
കഴിഞ്ഞ മാസം മലിർ ജെയിലിൽ കഴിഞ്ഞിരുന്ന 337 ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു.
വ്യക്തമായ അതിർത്തി ഇല്ലാത്ത അറബിക്കടലിലെ സർ ക്രീക്ക് പ്രദേശത്ത് നിന്നും ഇടയ്ക്കിടക്ക് മൽസ്യ ബന്ധന തൊഴിലാളികൾ അറസ്റ്റിൽ ആവുന്നത് പതിവാണ്.
ഇപ്പോഴും പാൿ ജെയിലുകളിൽ 97 മൽസ്യ തൊഴിലാളികൾ തടവിൽ കഴിയുന്നുണ്ട്. ഇവരുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവർത്തകരോടൊപ്പം പാക്കിസ്ഥാനിലെ മൽസ്യ ബന്ധന തൊഴിലാളികളും മുറവിളി കൂട്ടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, പാക്കിസ്ഥാന്