വാഷിംഗ്ടണ്‍ : അമേരിക്കയിലെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന വാള്‍സ്ട്രീറ്റില്‍ ഒരു സംഘം യുവാക്കള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിവേഗം പടരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും രാജ്യത്തെ തൊഴിലില്ലായ്മ പട്ടിണി എന്നിവയ്ക്കും എതിരായ പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. കുത്തകകളെ സംരക്ഷിക്കുന്ന നിലപാട് മൂലം രാജ്യത്ത് അസന്തുലിതാവസ്ഥ ഉയരുകയാണെന്നും സമരം വിജയിച്ചേ തങ്ങള്‍ പിന്മാറൂ എന്നുമാണ് വാള്‍സ്ട്രീറ്റില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകാരികള്‍ പറയുന്നത്.
ഫ്ലോറിഡ, വാഷിംഗ്‌ടണ്‍ സിറ്റി തുടങ്ങി എഴുപതിലേറെ പ്രമുഖ നഗരങ്ങളില്‍ ഇതിനോടകം പടര്‍ന്നു കഴിഞ്ഞ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിനു പേര്‍ അണി നിരക്കുവാന്‍ തുടങ്ങിയിരിക്കുന്നു. നോബല്‍ പുരസ്കാര ജേതാവ് പോള്‍ ക്രൂഗ്മാനെ പോലുള്ള പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം 21 ദിവസം പിന്നിട്ട പ്രക്ഷോഭം അമേരിക്കന്‍ സര്‍ക്കാരിനു തലവേദന ആയിട്ടുണ്ട്. വാഷിംഗ്‌ടണിലെ പ്രസിദ്ധമായ വ്യോമ ബഹിരാകാശ മ്യൂസിയത്തിലേക്ക് കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചു കയറുവാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് മുളകു പൊടി സ്പ്രേ പ്രയോഗിച്ചു.
സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് കുത്തകകളെ സംരക്ഷിക്കു വാനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്ത് തൊഴിലില്ലായമയും പട്ടിണിയും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കുന്നു എന്നുമാണ് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍ തൊഴില്ലായ്മ രൂക്ഷമായ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. ഇന്റര്‍നെറ്റിലും പ്രക്ഷോഭകാരികള്‍ക്ക് അനുദിനം പിന്തുണ ഏറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ “വാള്‍സ്ട്രീറ്റ് ജേണലിന്റെ” പേരിനോട് സാമ്യമുള്ള “ഒക്യുപൈ വാള്‍സ്ട്രീറ്റ് ജേണല്‍” എന്ന പേരില്‍ ഒരു പത്രം പ്രക്ഷോഭകാരികള്‍ പുറത്തിറക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. സമരം ശക്തമായാല്‍ അത് വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒബാമ ഭരണകൂടത്തിന് വലിയ വെല്ലുവിളി ആയിരിക്കും ഉയര്‍ത്തുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പ്രതിഷേധം, മനുഷ്യാവകാശം, സാമ്പത്തികം