കൊച്ചി: ന്യൂഡെല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗം നടന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖ് എഴുതിയ പത്രാധിപകുറിപ്പ് വിവാദമാകുന്നു. ഫാമിലി ഫേസ് ബുക്ക് എന്ന മാഗസിന്റെ ജനുവരി ലക്കത്തില്‍ സിദ്ദിഖ് എഴുതിയ കുറിപ്പില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യ പരിഗണന വേണമെന്ന സ്ത്രീകളുടെ ആവശ്യമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ആരോപിക്കുന്നു. തുല്യ പരിഗണന ലഭിച്ചപ്പോള്‍ രാവും പകലും വ്യത്യാസം ഇല്ലാതെ ജൊലി ചെയ്യേണ്ടി വന്നു, യാത്ര ചെയ്യേണ്ടി വന്നു. ആറുമണികഴിഞ്ഞാല്‍ വീട്ടില്‍ എത്തിയിരുന്നവര്‍ രാത്രി പത്തു മണിക്ക് ജോലിക്ക് പുറപ്പെടേണ്ടിയും വന്നു. തുണ വേണ്ട തങ്ങള്‍ ഒറ്റയ്ക്ക് ആയിക്കൊള്ളാമെന്ന ഭാവമാണ് പലര്‍ക്കും. അവസരങ്ങള്‍ സ്ത്രീകള്‍ തന്നെ ഉണ്ടാക്കി കൊടുത്തപ്പോള്‍ പലരും അവസ്ം ഉപയോഗപ്പെടുത്തിയെന്നും നടന്‍ ലേഖനത്തില്‍ പറയുന്നു.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും സ്ഥലകാലബോധമില്ലാതെ ആണ്‍കുട്ടികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നവരുമൊക്കെയാണ്‍` കൂടുതല്‍ ആക്രമിക്കപ്പെടുന്നതെന്നും സിദ്ദിഖ് എടുത്ത് പറയുന്നു. നിങ്ങള്‍ക്ക് വേണ്ടത് സമത്വമല്ല സംരക്ഷണമാണെന്ന് പുരുഷനൊപ്പം സമത്വം വേണമെന്ന് വാശിപിടിക്കുന്നവര്‍ ചിന്തിക്കണമെന്ന ഉപദേശവും ലേഖകന്‍ നല്‍കുന്നുണ്ട്. സ്ത്രീ പുരുഷനൊകാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അവര്‍ക്കുണ്ടാകുന്ന ദുരവസ്ഥ കണ്ട വിലപിക്കുവാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന എഡിറ്റോറിയല്‍ കുറിപ്പില്‍ സിദ്ദിഖിന്റെ കയ്യൊപ്പും ഉണ്ട്. ഫാമിലി ഫേസ് ബുക്കിന്റെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമാണ് സിദ്ദിഖ്.
എന്നാല്‍ സിദ്ദിഖ് പ്രവര്‍ത്തിക്കുന്ന സിനിമാ ഫീല്‍ഡില്‍ സമയവും കാലവും നോക്കിയാണോ സ്ത്രീകള്‍ ജോലി ചെയ്യുന്നതെന്നും അവിടെ ഈ പറഞ്ഞ സംഗതികള്‍ ബാധകമല്ലേ എന്നുമാണ് നടന്റെ ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരുടെ ചോദ്യം. സിനിമയില്‍ സ്ത്രീ ശരീരത്തിന്റെ പ്രദര്‍ശനം ധാരാളമായി നടക്കുന്നുണ്ടെന്നും. സിനിമയുടെ പേരില്‍ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും അപൂര്‍വ്വമല്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖിന്റെ ഉപദേശങ്ങളെ മുഖവിലക്കെടുത്താല്‍ സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടെ ഉള്ള സംഗതികള്‍ നിരോധിക്കേണ്ടി വരുമെന്നും നടിമാര്‍ക്ക് വീട്ടിലിരിക്കേണ്ടി വരുമെന്നും ചിലര്‍ തമാശ രൂപേണ പറയുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകള്‍ മുന്നേറിയ പുതിയ കാലഘട്ടത്തില്‍ അവരെ പുറകോട്ട് കൊണ്ടു പോകുവാനുള്ള ശ്രമമാണ് സിദ്ദിഖിനെ പോലുള്ളവര്‍ നടത്തുന്നതെന്നും രാത്രികാലങ്ങാലില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതല്ല മറിച്ച് പുരുഷന്മാരുടെ സമീപനത്തിലാണ് മാറ്റം വരുത്തേണ്ടതെന്ന മറുവാദമാണ് സിദ്ദിഖിനോട് പലര്‍ക്കും പറയുവാന്‍ ഉള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy