കഴിഞ്ഞ ആഴ്ചയിറങ്ങിയ മലയാള സിനിമകള്‍ ബോക്സോഫീസില്‍ കൂട്ടത്തോടെ കൂപ്പുകുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം തുടങ്ങുകയും ഇടയ്ക്ക് നിര്‍ത്തിവെക്കുകയും ചെയ്ത സുരേഷ് ഗോപി ചിത്രം “കളക്ടര്‍” അടുത്തിടെ പൊടിതട്ടിയെടുത്ത് റിലീസ് ചെയ്യുകയായിരുന്നു. സ്ഥിരം സുരേഷ് ഗോപി ഡയലോഗ് ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ അനില്‍.സി.മേനോന് സംവിധാനം ചെയ്ത കളക്ടര്‍ പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ തിരസ്കരിച്ചു. ദിലീപ് അഭിനയിച്ച “ഫിലിംസ്റ്റാറും“ പ്രിഥ്വിരാജിന്റെ സാന്നിധ്യമുണ്ടായ “മനുഷ്യ മൃഗവും” ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍ പരാജയം ഏറ്റു വാങ്ങി. ഫാന്‍സുകാര്‍ പോലും ഈ ചിത്രങ്ങളെ കയ്യോഴിഞ്ഞ ലക്ഷണമാണ്.
ഇന്റര്‍നെറ്റിലെ ഫേസ്ബുക്കിന്റേയും മറ്റും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി റിലീസിങ്ങിനു മുമ്പേ പ്രേക്ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തിയ “ചാപ്പകുരിശ്” തങ്ങളെ വഞ്ചിക്കുകയാണെന്ന തിരിച്ചറിഞ്ഞതോടെ പ്രേക്ഷകര്‍ പുറം തള്ളി. നേരത്തെ പരസ്യത്തിനായി പ്രയോഗിച്ച ഫേസ്ബുക്കുള്‍പ്പെടെ ഉള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചിത്രത്തിനെതിരെ തിരിയുകയും ചെയ്തു. ചിത്രത്തില്‍ നായികയായ രമ്യാനമ്പീശന്റെ ചുമ്പന രംഗം വലിയ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതും വിലപ്പോയില്ല. ട്രാഫിക്കിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ചാപ്പാകുരിശ് പ്രേക്ഷകനെ ബോറടിപ്പിക്കുന്നു എന്നത് തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം. കെട്ടുറപ്പില്ലാത്ത തിരക്കഥയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളും പ്രേക്ഷകനെ കുരിശില്‍ തറക്കുന്നു. ട്രാഫിക്ക്, പ്രാഞ്ചിയേട്ടന് ആന്റ് സെയ്ന്റ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി വ്യത്യസ്ഥതയും പുതുമയും അവകാശപ്പെടുന്ന ചിത്രങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കിലും അതിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അത് സ്വീകരിക്കുവാന്‍ പ്രേക്ഷകന് തയ്യാറല്ല എന്ന സന്ദേശമാണ് ചാപ്പാകുരിശിന്റെ പരാജയം വ്യക്തമാക്കുന്നത്.
സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ വിജയം എടുത്ത് പറയേണ്ടതാണ്. ലളിതമായ ഇതിവൃത്തവും വ്യത്യസ്ഥമായ അവതരണവും ചേര്‍ന്ന ഈ ചിത്രത്തെ പ്രേക്ഷകര്‍ ഗംഭീര വിജയമാക്കി മാറ്റി. പ്രധാന താരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടു കൂടെ ഈ ചിത്രം ബോക്സോഫീസില്‍ മുന്നേറുന്നു. പ്രേക്ഷകന്റെ അഭിരുചി പരിഗണിക്കാതെ സാറ്റ്ലൈറ്റ് റേറ്റു മുന്നില്‍ കണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങളുമായി മുന്‍ നിരതാരങ്ങള്‍ക്കും അവരെ വച്ച് സിനിമയെടുക്കുന്നവര്‍ക്കും ഈ പരാജയങ്ങള്‍ ഒരു പാഠമാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prithviraj, suresh-gopi