പ്രതിഭയുടെ അഭാവമാണ് മലയാള സിനിമയുടെ ഇന്നത്തെ ദുരന്തം. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ പടം പൊളിയും എന്നും മറ്റും പറഞ്ഞ് അതിമാനുഷ കഥാപാത്രങ്ങളെ അണി നിരത്തി പടച്ചിറക്കിയ സൂപ്പര്‍ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോഴും സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറയാത്തത് എന്ത് എന്ന് ചോദിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി ഫാന്‍സ് അസോസിയേഷനുകളുടെ ക്രോധത്തിന് നിങ്ങള്‍ പാത്രമാകുകയും ചെയ്യും.
അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ജീവിക്കാമെങ്കില്‍ അന്യഭാഷാ ഗാനങ്ങളും മൊഴിമാറ്റം ചെയ്യാം. എന്നാല്‍ ഇത് ആരും അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇത് സ്വന്തം സൃഷ്ടിയായി തന്നെ ഇറക്കിക്കളയാം എന്ന് നമ്മുടെ സംഗീത സംവിധായകരും തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ഉറുമിയിലെ ഗാനങ്ങള്‍ ഇത്തരത്തില്‍ കട്ടെടുത്ത ദീപക് ദേവ് മലയാളിക്ക് മുന്‍പില്‍ ഒരു വിഗ്രഹമുടച്ചില്‍ നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് നമ്മുടെ പ്രിയ ഗായകനായ എം. ജി. ശ്രീകുമാര്‍ നടത്തിയ മറ്റൊരു മോഷണ കഥ കൂടി പുറത്തായി.
“അറബിയും ഒട്ടകവും പി. മാധവന്‍ നായരും” എന്ന സിനിമയിലെ “മാധവേട്ടനെന്നും” എന്ന ഗാനം ലോക പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീതജ്ഞനായ അമര്‍ ദയാബിന്റെ “റോഹി മെര്‍ത്തഹാലക്” എന്ന ഗാനം അതേ പടി പകര്‍ത്തിയതാണ്.
ഇന്റര്‍നെറ്റും യൂട്യൂബും വിരല്‍ത്തുമ്പില്‍ ഉള്ള ഈ കാലത്ത് ഇത്തരമൊരു മോഷണം ആരും അറിയില്ല എന്ന് കരുതിയത് ശുദ്ധ മണ്ടത്തരം തന്നെ. അല്ലെങ്കില്‍ മലയാളി ആസ്വാദകരോടുള്ള വെല്ലുവിളിയുമാവാം. മലയാളി ഏറെ ആദരിക്കുകയും സ്നേഹത്തോടെ ശ്രീക്കുട്ടന്‍ എന്ന് ഓമനിക്കുകയും ചെയ്ത എം. ജി. ശ്രീകുമാര്‍ ഇതിന് മുതിരേണ്ടിയിരുന്നില്ല.