ജീവിതത്തിന്റെ അരങ്ങില്‍ നിന്നും ഒഴിഞ്ഞിട്ട് പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറവും സില്‍ക്ക് സ്മിതയെന്ന വിസ്മയം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഫീല്‍ഡില്‍ നിന്നും അല്പകാലം വിട്ടു നിന്നാല്‍ പോലും വിസ്മൃതിയിലേക്ക് അനായാസം തള്ളപ്പെടുന്നവരാണ് സിനിമാ നടിമാര്‍. എന്നാല്‍ സ്മിതയെന്ന അഭിനേത്രി ആ പതിവുകളെ തകര്‍ക്കുന്നു. അവര്‍ ഇന്നും നിറ സാന്നിധ്യമായി ഇന്ത്യന്‍ സിനിമയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ അമ്പത്തിരണ്ടു കാരി ഇപ്പോഴും സജീവമായി തന്നെ അരങ്ങില്‍ നിറഞ്ഞാടുമായിരുന്നു എന്ന് കരുതുന്നവര്‍ ഇന്നും ധാരാളമുണ്ട്. അതാണ് സില്‍ക്ക് എന്ന പ്രതിഭ സൃഷ്ടിച്ചു വെച്ച ഇമേജ്.
സ്മിതയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഡെര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം സ്മിത വീണ്ടും സജീവ ചര്‍ച്ചയായി. ഡെര്‍ട്ടി പിക്ചര്‍ ബോക്സോഫീസ് വിജയമായി എന്നതിനൊപ്പം വിദ്യാ ബാലന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. വിദ്യാ ബാലന്‍ എന്ന നടി തന്റെ വേഷം ഗംഭീരമാക്കി എങ്കിലും കടക്കണ്ണിലെ നോട്ടത്തിലൂടെ പ്രേക്ഷകനില്‍ വികാരത്തിന്റെ മിന്നല്‍ പിണര്‍ പായിക്കുന്ന സ്മിതയുടെ അടുത്തെങ്ങും എത്തുവാന്‍ അവര്‍ക്കായില്ല.
1960-ല്‍ വിജയവാഡയില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ച വിജയ ലക്ഷ്മിയെന്ന സില്‍ക്ക് സ്മിതയെ പട്ടിണിയാണ് മദ്രാസിലെ സിനിമാ നഗരത്തിലേക്ക് എത്തിച്ചത്. ആദ്യ ചിത്രം വണ്ടിച്ചക്രം. അതില്‍ സില്‍ക്ക് എന്ന ഡാന്‍സുകാരിയുടെ വേഷം. ആ ഒറ്റ വേഷത്തിലൂടെ തന്നെ അവര്‍ യുവാക്കളുടെ മനസ്സില്‍ ചേക്കേറി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ സ്മിത ഒരു അവശ്യ ഘടകമായി മാറുവാന്‍ അധികം സമയം വേണ്ടി വന്നില്ല. മൂന്നാം പിറയും, അഥര്‍വ്വവും, സ്ഫടികവുമെല്ലാം മികച്ച കഥാപാത്രങ്ങള്‍ നല്‍കി അവര്‍ക്ക്. പണവും പ്രശസ്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമ അവരെ വീര്‍പ്പു മുട്ടിച്ചു. എന്നാല്‍ സിനിമാ സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയില്‍ സ്മിത ജീവിക്കുവാന്‍ മറന്നു പോയി എന്നു കരുതുന്നവരുണ്ട്. ഇടയ്ക്കെപ്പോഴോ ഒരു പുരുഷനില്‍ തന്നിലെ സ്ത്രീത്വത്തിനു പൂര്‍ണ്ണത തേടി അവര്‍. എന്നാല്‍ സിരകളില്‍ കാമം പൂത്ത് ഉലയുന്ന കണ്ണുകളുമായി തിരശ്ശീലയില്‍ മെയ്യഴകു കാട്ടി നൃത്തചുവടുകള്‍ വെച്ച സ്മിതയ്ക്ക് പക്ഷെ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു. പ്രണയത്തിന്റെ ചതിച്ചുഴില്‍ പെട്ട അവര്‍ ജീവിതത്തിന്റെ തിരശ്ശീല സ്വയം വലിച്ചു കീറി. ഒപ്പം ചുവടു വെച്ച നടിമാരില്‍ പലരും അഭ്രപാളിയില്‍ നിന്നും പണ്ടേ മാഞ്ഞു പോയി. അവരില്‍ ചിലര്‍ വാര്‍ധ്യക്യത്തിന്റെ അവശതകളുമായി ഇന്നും കോടമ്പാക്കത്ത് ജീവിക്കുന്നു. എന്നാല്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കി ആക്കി കൊണ്ട് സ്മിത ഇന്നും ഇന്ത്യന്‍ സിനിമയില്‍ അനശ്വരയായി ജീവിക്കുന്നു.