പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ കണ്ടെത്താത്ത വിലാസം – കവി അയ്യപ്പന്റെ ഓര്‍മ്മയില്‍ മലയാള കവിതയുടെ ഒരു ദിവസം ഫെബ്രുവരി 4 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. കവി അയ്യപ്പന്‍ എഴുതിയ, അദ്ദേഹം തന്നെ ആലപിച്ച, വേനല്‍മഴ എന്ന കവിതയുടെ പശ്ചാത്തലത്തില്‍ കാര്യക്രമം ആരംഭിച്ചു. ബിനായക് സെന്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്ന പ്രമേയം അവതരിപ്പിച്ചതിന് ശേഷം മറ്റ് കാര്യ പരിപാടി കളിലേക്ക് കടന്നു. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍” എന്ന വിഷയത്തില്‍ സര്‍ജുവും “അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തില്‍ അബ്ദുള്‍ ഖാദറും പ്രബന്ധം അവതരിപ്പിച്ചു. സമകാലീന മലയാള കവിതയില്‍ സാമൂഹ്യ പ്രബുദ്ധത കൊണ്ട് ശ്രദ്ധേയനായ പി. എന്‍. ഗോപീകൃഷ്ണന്‍ അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് “സമകാലീന മലയാള കവിതയും, മലയാള ജനതയുടെ നൈതികതയും” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പ്രബന്ധാ വതരണങ്ങള്‍ക്ക് ശേഷം സജീവമായ ചര്‍ച്ചകളും നടന്നു. തന്റെ കവിതകള്‍ കൊണ്ടും മറ്റ് പ്രബന്ധങ്ങളുടെ ചര്‍ച്ചയില്‍ ഇടപെട്ടും ഗോപീകൃഷണന്‍ മുഴുവന്‍ സമയവും നിറ സാന്നിധ്യമായിരുന്നു.
അയ്യപ്പനെ കുറിച്ചുള്ള കവിതകള്‍ സത്യന്‍ മാടാക്കര, റഫീക് (ഉമ്പാച്ചി), അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്, ജോസ് ആന്റണി കുരീപ്പുഴ എന്നിവരും, കവി അയ്യപ്പന്റെ കവിതകള്‍ കമറുദീന്‍ ആമയം, രശ്മി, ഷീജ മുരളി എന്നിവരും ചൊല്ലി.
“ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും” എന്ന ഫ്രഞ്ച് കവി ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയും അവതരിപ്പിച്ചു.
പ്രദോഷ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജീവ് ചേലനാട്ട് പ്രേരണ യു. എ. ഇ. യുടെ നിലപാടും ഈ പരിപാടിയുടെ വീക്ഷണവും അവതരിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, പ്രേരണ യു.എ.ഇ., സാംസ്കാരികം